കോവിഡ് അതീതീവ്രവ്യാപനം; 4 ലക്ഷം കടന്ന് പ്രതിദിന രോ​ഗികൾ, 24 മണിക്കൂറിനിടെ മരണം 3523

0
59

 

കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ രാജ്യത്ത് പ്രതിദിന രോ​ഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,01,933 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3523 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 32,68,710 ആണ്.

ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കൊവിഡ് നിരക്ക് മൂന്ന് ലക്ഷത്തിൽ നിന്ന് നാല് ലക്ഷമായത്. ഏപ്രിൽ മാസത്തിൽ മാത്രം 65 ലക്ഷം കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ആ​കെ 19,157,094 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച ഇ​ന്ത്യ​യി​ൽ 3,272,256 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 8,944 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്.

കോവിഡ് -19 ഇന്ത്യയിലെ ആരോഗ്യ വ്യവസ്ഥയെ സാരമായി ബാധിക്കുകയാണെന്ന് യുനസെഫ് പ്രതിനിധി ഡോ. യാസ്​മിൻ ഹക്ക് പറഞ്ഞു. കൂടുതൽ ജീവിത നഷ്ടം ഒഴിവാക്കാൻ അടിയന്തിര നടപടി ആവശ്യമാണെന്നും​ അവർ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ നിന്ന്​ ലഭിക്കുന്ന വിവരങ്ങളും, കാണുന്ന രംഗങ്ങളും ഭീതിയുളവാക്കുന്നതുമാണെന്നും ദക്ഷിണേഷ്യൻ യുനിസെഫ് റീജീനൽ ഡയറക്ടർ ജോർജ്ജ് ലാരിയ-അഡ്‌ജെയ് പറഞ്ഞു.
ഇന്ത്യയിൽ കൂടുതൽ ഇടപെടുകളൾ നടത്താൻ സംഘടന ആഗ്രഹിക്കുന്നു. കോവിഡ്​ തുടങ്ങിയ കാലം മുതൽ തന്നെ വിവിധ പ്രവർത്തനങ്ങളിൽ രാജ്യത്ത്​ സജീവമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

അതിനിടെ, ഇന്ത്യയിൽ രണ്ടാം തരംഗം അടങ്ങുന്ന ലക്ഷണം കാണുന്നില്ലെന്നും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നും പ്രമുഖ അമേരിക്കൻ പകർച്ചവ്യാധി വിദഗ്ധൻ ആന്റണി ഫൗചി അഭിപ്രായപ്പെട്ടു. വ്യാപനം തടയുന്നതിന് രാജ്യം അടിയന്തരമായി അടച്ചിടണം. അതോടൊപ്പം ഓക്‌സിജനും മരുന്നുകളും പിപിഇ കിറ്റുകളും ഉറപ്പുവരുത്തുകയെന്നതും പ്രധാനമാണെന്ന് പകർച്ചവ്യാധി വിദഗ്ധനും ബൈഡൻ ഭരണകൂടത്തിന്റെ ആരോഗ്യ ഉപദേഷ്ടാവുമായ ഫൗചി പറഞ്ഞു.