ശ്വാസം കിട്ടാന്‍ ആലിന്റെ ചുവട്ടില്‍ പോയിയിരിക്കണമെന്ന് യു പി പൊലീസ്

0
73

ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച്‌ പ്രാണവായുവിനായി നട്ടം തിരിയുന്ന രോഗികളോടും ബന്ധുക്കളോടും ആലിന്റെ ചുവട്ടില്‍ പോയി ഇരിക്കാൻ ഉത്തർപ്രദേശ് പൊലീസ്. ശരീരത്തിലെ ഓക്‌സിജന്‍ ലെവല്‍ ഉയരാന്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ ഇരിക്കാന്‍ പൊലീസുകാര്‍ നിര്‍ദേശിച്ചതായുള്ള ബന്ധുക്കളുടെയും രോഗികളുടെയും പരാതി. ഓക്‌സിജന് വേണ്ടി രോഗികളും ജനങ്ങളും പരക്കം പായുമ്പോളാണ് യു പി പോലീസിന്റെ വിചിത്ര നിർദ്ദേശം.

പ്രയാഗ്‌രാജിലാണ് രോഗികളും ബന്ധുക്കളും അധികൃതരുടെ അവഗണനയ്ക്ക് എതിരെ രംഗത്തുവന്നത്. ആശുപത്രികള്‍ക്ക് മുന്നില്‍ തടിച്ചുകൂടാതെ, വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിയാനാണ് അധികൃതര്‍ പറയുന്നത്. വീട്ടിലാണെങ്കിലും പല രോഗികള്‍ക്കും ഓക്‌സിജന്‍ ആവശ്യമാണ്.

പ്രയാഗ് രാജില്‍ ബിജെപി എംഎല്‍എയുടെ ഓക്‌സിജന്‍ പ്ലാന്റിന് മുന്നിലാണ് രോഗികള്‍ കൂടുതലായി തടിച്ചുകൂടിയത്. അടുത്തിടെ പ്ലാന്റ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ക്രമസമാധാനപാലനത്തിന് പ്ലാന്റിന് മുന്നില്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ആശുപത്രികളിലെ ഓക്‌സിജന്‍ വിതരണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ആശുപത്രികളിലും പ്ലാന്റുകളിലും ഓക്‌സിജന്‍ ഇല്ല എന്ന ബോര്‍ഡാണ് എഴുതിവച്ചിരിക്കുന്നത്. അധികാരികളുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ പൊലീസ് അടിച്ചോടിക്കുകയാണെന്നും രോഗികള്‍ പറയുന്നു.