RTPCR ടെസ്റ്റ് ഫീ ഉത്തരവ് നടപ്പിലാക്കാത്ത ലാബുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം- എഐവൈഎഫ്

0
84

തിരുവനന്തപുരം- കോവിഡ് 19 പരിശോധനക്കായുള്ള RTPCR ടെസ്റ്റിന് സ്വകാര്യ ലാബുകള്‍ ഈടാക്കുന്ന ഫീസ് 1700ല്‍ നിന്നും 500 രൂപയാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും പലസ്വകാര്യ ലാബുകളും പഴയ തുകയാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്.ഇതിന്‍റെ പേരില്‍ ചിലയിടങ്ങളില്‍ ടെസ്റ്റ് നിര്‍ത്തിവെച്ചിരിക്കുന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്.

കോവിഡ് മഹാമാരി പടര്‍ന്ന് പിടിക്കുന്ന സന്ദര്‍ഭത്തിലും ലാഭത്തിന്‍റെ കണക്ക് നിരത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫീസില്‍ RTPCR ടെസ്റ്റ് നടത്താന്‍ തയ്യാറാവാത്ത ലാബുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കിക്കൊണ്ടാണ് നിരക്ക് കുറക്കാനുള്ള സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ചത്.

സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് ഈടാക്കാന്‍ വിസമ്മതിച്ച് ടെസ്റ്റ് നിര്‍ത്തിവെച്ച ലാബുകള്‍ക്കും ഉയര്‍ന്ന ഫീസ് ഈടാക്കുന്ന ലാബുകള്‍ക്കും ആശുപത്രികള്‍ക്കും എതിരെ പകര്‍ച്ചവ്യാധി നിയമം അനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കണമെന്നും ലാബുകളുടെ ജനങ്ങളോടുള്ള വെല്ലുവിളി അവസാനിപ്പിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ.ആര്‍.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയില്‍ പറഞ്ഞു.