കുഴൽപ്പണ കേസ്: ഉന്നത ബിജെപി നേതാക്കള്‍ക്കും പങ്ക്; പരാതി കിട്ടിയിട്ടും കേന്ദ്രഏജന്‍സികള്‍ അറിഞ്ഞ മട്ട് കാണിക്കുന്നില്ല: സിപിഐ എം

0
74

തൃശൂര്‍ കൊടകര കുഴല്‍പണ കേസില്‍ ഉന്നത ബിജെപി നേതാക്കളുടെ പങ്ക് കൂടുതല്‍ വെളിപ്പെട്ടതായി സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇതിനകം പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ചെറിയ മീനുകള്‍ മാത്രമാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. ഇതിന് പിന്നില്‍ ഉന്നത ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാണെന്നും സിപിഐ എം പ്രസ്താവനയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ് കുഴല്‍പണം കടത്തിയത്. തീവ്രവര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങള്‍ക്കും ബിജെപി കുഴല്‍പണം കടത്തുന്നുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. നോട്ടുനിരോധനം കള്ളപണം കണ്ടെത്താനാണെന്ന് പ്രഖ്യാപിച്ച ബിജെപി തന്നെ കള്ളപണത്തിന്റെ വാഹകരായത് ആ പാര്‍ടിയുടെ ജീര്‍ണതക്കും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനും തെളിവാണ്. ആര്‍എസ്എസിന്റെ അറിവോടെയാണ് ഈ കള്ളപണമിടപാട് നടന്നത്. വരും ദിവസങ്ങളില്‍ ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യങ്ങളുടെ കൂടുതല്‍ ചുരുള്‍ നിവരുമെന്നും സിപിഐ എം പ്രസ്താവനയില്‍ പറഞ്ഞു.

മൂന്നര കോടിരൂപയുടെ കള്ളപണം കൊള്ളയടിച്ച സംഭവം പുറത്തുവന്നപ്പോള്‍ തന്നെ ബിജെപി ഉന്നത ബന്ധം സിപിഐ എം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ യാതൊരു ലജ്ജയുമില്ലാതെ അത് നിഷേധിക്കാനാണ് ബിജെപി നേതൃത്വം തയ്യാറായത്. സിപിഐ എമ്മിനെതിരെ കേസ് കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. കുഴല്‍പ്പണം കടത്തിയതിന് പിന്നില്‍ ഒരു ദേശീയ പാര്‍ടിയെന്ന് മാത്രം പറഞ്ഞ് ബിജെപി ബന്ധം മറച്ചുവെച്ച മാധ്യമങ്ങളും വൈകിയാണെങ്കിലും ബിജെപിയുടെ പേര് പറയാന്‍ നിര്‍ബന്ധിതരായി. ഒരു നിലക്കും ആര്‍ക്കും അവഗണിക്കാനാകാത്ത തെളിവാണ് പുറത്തുവരുന്നതെന്ന് ഇവ വ്യക്തമാക്കുന്നു.

കേരളത്തിലും പുറത്തുമുള്ള ബിജെപി ഉന്നത നേതാക്കളുടെ കാര്‍മികത്വത്തിലാണ് തെരഞ്ഞെടുപ്പ് സമയത്ത് കര്‍ണാടകയില്‍നിന്ന് കള്ളപണം കൊണ്ടുവന്നത്. കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ചത് കര്‍ണാടകയില്‍നിന്നുള്ള ബിജെപി നേതാക്കളും മന്ത്രിമാരുമായിരുന്നു. കേരളത്തിലെത്തിച്ച പണത്തിന്റെ ഒരു ഭാഗം മാത്രമാണ് കൊള്ളയടിക്കപ്പെട്ടത്. അതിലും എത്രയോ വലിയ തുക ബിജെപി നേതാക്കള്‍ക്ക് ലഭിച്ചു കാണും. ഇക്കാര്യം വരും നാളുകളില്‍ അന്വേഷണത്തില്‍ പുറത്തുവരും. കള്ളപണം ഇടപാട് ഒരു പരാതിയുമില്ലാതെതന്നെ അന്വേഷിക്കേണ്ട കേന്ദ്ര ഏജന്‍സികളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും. എന്നാല്‍ പരാതി കിട്ടിയിട്ടുപോലും ഈ ഏജന്‍സികള്‍ സംഭവം അറിഞ്ഞ മട്ടില്ല. അന്വേഷണം ബിജെപി ഉന്നതരില്‍ എത്തുമെന്നതിനാലാണിതെന്ന് കരുതണം. കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയ അടിമത്വവും ഇരട്ടമുഖവുമാണ് ഇവിടെ തെളിയുന്നതെന്നും സിപിഐ എം സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.