‘ഹാന്‍സ് വീഡിയോ’യില്‍ സുരേന്ദ്രനൊപ്പമുണ്ടായിരുന്നത് സുനിലാണെന്ന് റിപ്പോര്‍ട്ട്; ‘പാക്കറ്റ് കൈമാറിയ വ്യക്തി’; കൊടകര കള്ളപ്പണക്കേസില്‍ വഴിതിരിവ്

0
79

ശബരിമല സമരകാലത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ‘ഹാന്‍സ്’ വീഡിയോയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സമീപത്തുണ്ടായിരുന്ന വ്യക്തി കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്കാണെന്ന് റിപ്പോര്‍ട്ട്. വീഡിയോയിലെ ഹാന്‍സാണെന്ന് ആരോപിക്കപ്പെടുന്ന പാക്കറ്റ് സുരേന്ദ്രന് കൈമാറിയ വ്യക്തി സുനില്‍ നായിക്കാണെന്ന് ‘മനോരമ ഓണ്‍ലൈനാണ്’ റിപ്പോര്‍ട്ട് ചെയ്തത്.

കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസിലെ പരാതിക്കാരനും വാഹന ഉടമയുമായ ധര്‍മ്മരാജന് പണം കൈമാറിയത് സുനില്‍ നായിക്കാണെന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കളുമായുള്ള സുനിലിന്റെ ബന്ധവും ചര്‍ച്ചയാകുന്നത്. കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള നേതാവാണ് സുനില്‍ നായിക്. കെ സുരേന്ദ്രന്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായ കാലഘട്ടത്തില്‍ സംസ്ഥാന ട്രഷററായിരുന്നു സുനില്‍ നായിക്. ദേശീയ കൗണ്‍സില്‍ അംഗം, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്‌നാഥ് സിങ് എന്നിവര്‍ക്കൊപ്പമുള്ള സുനിലിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

കേസിലെ ധര്‍മ്മരാജന്റെ ആര്‍എസ്എസ് ബന്ധം നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും ചെറുപ്പം മുതല്‍ ശാഖയില്‍ പോയ ആളാണെന്നും അദ്ദേഹം തന്നെ തുറന്ന് സമ്മതിക്കുകയുമുണ്ടായി. കേസുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി ആവര്‍ത്തിക്കുന്നതിനിടയാണ് സുനിലിന്റെയും ധര്‍മ്മരാജന്റെയും ബിജെപി-ആര്‍എസ്എസ് ബന്ധങ്ങള്‍ പുറത്തുവന്നത്.