കേരളം ചരിത്രം കുറിക്കും, ഇടതുമുന്നണി തന്നെ, ഭരണത്തുടര്‍ച്ച പ്രവചിച്ച് മലയാളം ചാനലുകളുടെ എക്‌സിറ്റ് പോളുകള്‍

0
72

എൽഡിഎഫിന് തുടർഭരണമെന്ന് എക്സിറ്റ് പോള്‍ സർവേകൾ, കേരളത്തിൽ ഇടതുമുന്നണി ചരിത്രം കുറിക്കുമെന്നും സർവേ
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടർഭരണം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ പോസ്റ്റ് പോള്‍ സര്‍വേ, മാതൃഭൂമി-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍, മനോരമ-വിഎംആര്‍ എക്സിറ്റ് പോള്‍ ഫലങ്ങളിലാണ് ഇടതുമുന്നണിയുടെ തുടർഭരണം പ്രവചിക്കുന്നത്.
ഇടതുമുന്നണിക്ക് 104 മുതല്‍ 120 സീറ്റുകള്‍ വരെ ലഭിക്കുമെന്നും മാതൃഭൂമി സർവേയിൽ പറയുന്നു. കേരളത്തില്‍ എല്ലാ ജില്ലകളിലും എല്‍ഡിഎഫ് മുന്നേറ്റമുണ്ടാകുമെന്നും എല്‍ഡിഎഫിന് 47% ലേറെ വോട്ട് ലഭിക്കുമെന്നും മാതൃഭൂമി -ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സർവേ പ്രവചിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും ഭരണ മികവും ക്ഷേമ പദ്ധതികളും എല്‍ഡിഎഫിന് നേട്ടമായിയെന്നും യുവാക്കളുടെയും സ്ത്രീ വിഭാഗങ്ങളുടെ പിന്തുണ എല്‍ഡിഎഫിന് അനൂകൂല ഘടകമായി നില്‍ക്കുന്നുവെന്നും സർവേ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് 77 മുതല്‍ 86 സീറ്റുകള്‍ നേടി ഇടതുമുന്നണി തുടര്‍ഭരണത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-സീ ഫോര്‍ പോസ്റ്റ് പോള്‍ സര്‍വേ. യുഡിഎഫിന് 52 മുതല്‍ 61 സീറ്റുകളും, എന്‍ഡിഎയ്ക്ക് രണ്ട് മുതല്‍ അഞ്ച് സീറ്റുകള്‍ ലഭിച്ചേക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. മറ്റുള്ളവര്‍ക്ക് 0-3 സീറ്റുകള്‍ ലഭിച്ചേക്കാം. എല്‍ഡിഎഫിന് 42 ശതമാനം വോട്ടുകളും യുഡിഎഫിന് 38 ശതമാനം വോട്ടുകളും എന്‍ഡിഎയ്ക്ക് 17 ശതമാനം വോട്ടുകളും ലഭിക്കുമെന്നാണ് പ്രവചനം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇടതുമുന്നണിക്കാണ് ആധിപത്യം. എറണാകുളത്തും, മലപ്പുറത്തും യുഡിഎഫിനാണ് മേല്‍ക്കൈ.
സംസ്ഥാനത്ത് ഭരണതുടർച്ച ഉണ്ടാകുമെന്നാണ് മനോരമ-വിഎംആര്‍ എക്സിറ്റ് പോൾ സർവേയും പറയുന്നത്. 73 സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിൽ വരും. അതേസമയം, യുഡിഎഫിന് 64, എൻഡിയ്ക്ക് രണ്ടും മറ്റുള്ളവർക്ക് ഒരു സീറ്റും ലഭിക്കുമെന്നാണ് സർവേ പറയുന്നത്. എല്‍ഡിഎഫിന് 40.9 ശതമാനം വോട്ടുകളും യുഡിഎഫിന് 38.52 ശതമാനം വോട്ടുകളും എന്‍ഡിഎയ്ക്ക് 15.48 ശതമാനം വോട്ടുകളും ലഭിക്കുമെന്നാണ് പ്രവചനം.
കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ നടത്തിയ സർവേയിലും കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടർഭരണം ലഭിക്കുമെന്നാണ് പ്രവചനം. റിപ്പബ്ലിക്ക് ടിവി-സിഎൻഎക്‌സ് സർവേയിൽ എൽഡിഎഫ് 72 മുതൽ 82 സീറ്റ് വരെ നേടി അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്. യുഡിഎഫിന് 58 മുതൽ 64 വരെ സീറ്റ് ലഭിക്കും. എൻഡിഎക്ക് 1 മുതൽ 5 വരെ സീറ്റിന് സാധ്യത.
ഇന്ത്യാ ടുഡേ- സി വോട്ടർ സർവേ പറയുന്നത് 104 മുതൽ 120 സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിൽ വരുമെന്നാണ്. 20 മുതൽ-36 സീറ്റ് മാത്രമേ യുഡിഎഫിന് ലഭിക്കുകയുള്ളൂ എന്നും അവർ പ്രവചിക്കുന്നു. ബിജെപിക്ക് – 0-2 സീറ്റ് മാത്രമേ ലഭിക്കൂ. എൻഡിടിവി സർവേയിൽ എൽഡിഎഫിന് 88 യുഡിഎഫിന് 51 സീറ്റും എൻഡിഎക്ക് 2 സീറ്റും പ്രവചിക്കുന്നു. എബിപി-സി വോട്ടർ സർവേ എൽഡിഎഫിന് 71 മുതൽ 77 വരെ സീറ്റും യുഡിഎഫ് 62 മുതൽ 68 വരെയും എൻഡിക്ക് 2 സീറ്റ് വരെയും പ്രവചിക്കുന്നു.