സംവിധായകനും ഛായാഗ്രഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 53 വയസ്സായിരുന്നു. തേന്മാവിൻ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച അദ്ദേഹം അയൻ, കാപ്പാൻ, മാട്രാന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കൂടിയായിരുന്നു. ഛായാഗ്രാഹകനായ പി സി ശ്രീറാമിന്റെ സഹായിയായാണ് കരിയര്‍ തുടങ്ങുന്നത്. സഹ ഛായാഗ്രാഹകനായി ഗോപുര വാസലിലേ, അമരൻ, മീര, ദേവർ മകൻ, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളിൽ ജോലി ചെയ്‌തു. തേന്മാവിൻ കൊമ്പത്ത് എന്ന പ്രിയദർശൻ ചിത്രത്തിലൂടെ ആനന്ദ് സ്വതന്ത്രഛായാഗ്രാഹകനായി.
തന്റെ അരങ്ങേറ്റ ചിത്രമായ തേന്മാവിൻ കൊമ്പത്തിൽ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്‌കാരവും സ്വന്തമാക്കി. പ്രിയദർശനൊപ്പം പിന്നീട് മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ സിനിമകളിലും പ്രവർത്തിച്ചു. ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കാതൽ ദേശം ആണ്. സിനിമ വലിയ ഹിറ്റായി മാറിയതോടെ ശങ്കറും ഒപ്പം കൂട്ടി. മുതൽവൻ,ബോയ്‌സ്, ശിവാജി തുടങ്ങി വമ്പൻ ഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ പിറന്നു. തമിഴ്, തെലുഗു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി 14 ചിത്രങ്ങളിൽ ഛായാഗ്രാഹകനായി ജോലി ചെയ്‌തു.
ഷാരൂഖ് ഖാനും ഐശ്വര്യ റായിയും ഒന്നിച്ച ജോഷ്, അമിതാഭ് ബച്ചന്റെ കാക്കി തുടങ്ങി ഹിന്ദിയിൽ നാല് സിനിമകൾക്കു ഛായാഗ്രഹണം നിർവഹിച്ചു. ശ്രീകാന്ത്, ഗോപിക, പൃഥ്വിരാജ് എന്നിവർ അഭിനയിച്ച കനാ കണ്ടേൻ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ സംവിധായകനായി. സൂര്യ, തമന്ന എന്നിവർ അഭിനയിച്ച അയൻ ആണ് രണ്ടാമത്തെ ചിത്രം. സൂര്യയുടെ കരിയറിലെ വലിയൊരു ഹിറ്റായി ചിത്രം മാറി. ജീവയെ നായകനാക്കി ഒരുക്കിയ മൂന്നാമത്തെ ചിത്രം ‘കോ’യും ഹിറ്റായിരുന്നു. മാട്രാൻ, അനേകൻ, കാവൻ എന്നിവയാണ് സംവിധാനം ചെയ്‌ത മറ്റുസിനിമകൾ. മോഹൻലാലും സൂര്യയും പ്രധാനവേഷങ്ങളിലെത്തിയ കാപ്പാൻ ആണ് അവസാനം സംവിധാനം ചെയ്‌ത ചിത്രം.