Monday
12 January 2026
20.8 C
Kerala
HomeIndiaവോട്ടെണ്ണല്‍: പോലീസ് സുരക്ഷാസംവിധാനം പൂര്‍ത്തിയായി; കേന്ദ്രസേന ഉള്‍പ്പെടെ 30,281 പോലീസുകാര്‍

വോട്ടെണ്ണല്‍: പോലീസ് സുരക്ഷാസംവിധാനം പൂര്‍ത്തിയായി; കേന്ദ്രസേന ഉള്‍പ്പെടെ 30,281 പോലീസുകാര്‍

നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ദിവസമായ ഞായറാഴ്ച സംസ്ഥാനത്ത് പൊതുവേയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യേകിച്ചും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

വോട്ടെണ്ണല്‍ ദിനത്തില്‍ 3,332 കേന്ദ്രസായുധ പോലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടെ 30,281 പോലീസുകാരാണ് ഡ്യൂട്ടിയിലുണ്ടാവുക. 207 ഡിവൈ.എസ്.പിമാര്‍, 611 ഇന്‍സ്പെക്ടര്‍മാര്‍, 2,003 എസ്.ഐ/ എ.എസ്.ഐമാര്‍ എന്നിവര്‍ ഉള്‍പ്പെടെയാണിത്. 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 49 കമ്പനി കേന്ദ്രപോലീസ് സേനാംഗങ്ങളേയും നിയോഗിച്ചിട്ടുണ്ട്.

വോട്ടെണ്ണല്‍ തീരുന്നതുവരെ കൗണ്ടിംഗ് കേന്ദ്രങ്ങളില്‍ ശക്തമായ സുരക്ഷയുണ്ടാകും. നേരത്തേ രാഷ്ട്രീയ, സാമുദായിക സംഘര്‍ഷം ഉണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടാവും. ആവശ്യമെങ്കില്‍ മുന്‍കരുതല്‍ അറസ്റ്റുകള്‍ നടത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിജയാഘോഷ പ്രകടനങ്ങള്‍ നിരോധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്‍പില്‍ ജനക്കൂട്ടം ഉണ്ടാകാതെ നോക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടു.

ക്രമസമാധാനനില ഉറപ്പാക്കുന്നതിന് പട്രോളിംഗ് സംഘത്തെ നിയോഗിക്കേണ്ടതിന്‍റെ ചുമതല അതത് പോലീസ് സ്റ്റേഷനുകള്‍ക്കാണ്. എല്ലാ ജില്ലകളിലേയും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരേയും ഡിവൈ.എസ്.പിമാരേയും അസിസ്റ്റന്‍റ് കമ്മീഷണര്‍മാരേയും ഞായറാഴ്ചയും തിങ്കളാഴ്ചയും ക്രമസമാധാനപാലനത്തിനായി നിയോഗിക്കും. നിരത്തുകളിലെ വാഹനപരിശോധനയും മറ്റും ശനിയാഴ്ച വൈകുന്നേരം തന്നെ ആരംഭിക്കും. ഈ ദിവസങ്ങളില്‍ സംസ്ഥാന അതിര്‍ത്തികളില്‍ പ്രത്യേക പരിശോധനയ്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments