ബിജെപിയുടെ കുഴല്‍പ്പണ കവര്‍ച്ച: ആര്‍എസ്‌എസ് ആഭ്യന്തര അന്വേഷണത്തിന്

0
71

കേരളത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി എത്തിച്ച കോടിക്കണക്കിനു രൂപവരുന്ന കുഴല്‍പ്പണം കൃത്രിമ വാഹനാപകടമുണ്ടാക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍ തട്ടിയെടുത്ത് സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഒരുങ്ങി ആര്‍എസ്‌എസ് ദേശീയ നേതൃത്വം നിർദേശം നൽകി. കേരളത്തിന്റെ ചുമതലയുള്ള മുതിർന്ന നേതാവ് സി പി രാധാകൃഷ്ണനോടാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

കുഴല്‍പ്പണത്തെ ചൊല്ലി ബിജെപി നേതൃത്വത്തില്‍ പൊട്ടിത്തെറിയുണ്ടായതിനു പിന്നാലെയാണ് സംഭവത്തില്‍ ആര്‍എസ്‌എസ് ഇടപെടുന്നത്. ഗ്രൂപ്പ് തിരിഞ്ഞ് ജില്ലാ നേതാക്കളെ സംശയനിഴലില്‍ നിര്‍ത്താന്‍ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ശ്രമിച്ചെന്നാരോപിച്ച്‌ ജില്ലാ ഭാരവാഹികള്‍ ബിജെപി, ആര്‍എസ്‌എസ് നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ സംസ്ഥാന സെക്രട്ടറിയടക്കമുള്ളവര്‍ ഇപ്പോഴും ഒന്നും മിണ്ടിയിട്ടില്ല. പകരം ജില്ലാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാന്‍ ഇടപെടലുകള്‍ നടത്തി. ഇതുസംബന്ധിച്ച്‌ ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദക്കും ജില്ലാ ഭാരവാഹികള്‍ പരാതി നല്‍കിയിട്ടുണ്ട്. പണംതട്ടിയ സംഭവത്തില്‍ ഇരുവിഭാഗവും ആരോപണ പ്രത്യോരോപണങ്ങളുമായി മുന്നോട്ട് വന്നിരുന്നു.

ഔദ്യോഗിക പക്ഷക്കാരാണ് കുഴല്‍പ്പണ സംഘത്തിന് തൃശൂരില്‍ താമസിക്കാന്‍ സ്ഥലം എടുത്തുനല്‍കിയതെന്നും പിന്നീട് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും മറുവിഭാഗം ആരോപിക്കുന്നു.എന്നാല്‍ ഇത് തങ്ങളെ കുടുക്കാന്‍ സംസ്ഥാന സെക്രട്ടറി ആസുത്രണം ചെയ്തതായാണ് ഒദ്യോഗിക വിഭാഗക്കാരുടെ ആക്ഷേപം.

ഗ്രൂപ്പ് താല്‍പ്പര്യം മുന്‍നിര്‍ത്തി സംസ്ഥാന സെക്രട്ടറി കൊടകര സ്‌റ്റേഷനില്‍ നേരിട്ട് എത്തിയാണ് തങ്ങളെ കുടുക്കാന്‍ പരാതിപ്പെട്ടെന്നാണ് ആരോപണം. കുഅഴൽപ്പനം നഷ്ടപ്പെട്ടതിനു തൊട്ടുപിന്നാലെ ജില്ലാ ജനറല്‍ സെക്രട്ടറി ഈ മാസം 50 ലക്ഷം രൂപ വാടക കുടിശിക നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. തര്‍ക്കം രൂക്ഷമായതോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയില്‍ നിന്നും വിവാദ ജില്ലാ ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി. പകരം മറ്റൊരു ജില്ലാ ജനറല്‍ സെക്രട്ടറിയെ പുതിയ കോഓര്‍ഡിനേറ്ററായി നിയമിച്ചിട്ടുണ്ട്.