ബിജെപി കു‍ഴല്‍പ്പണക്കേസ്: മുഖ്യ ആസൂത്രകന്‍ ഉള്‍പ്പടെ രണ്ട് പേർ കൂടി പിടിയിൽ

0
98

Breaking

തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ ബിജെപി കടത്തിയ കുഴല്‍പ്പണം കൊടകരയില്‍ വച്ച്‌ കവര്‍ന്ന സംഭവത്തില്‍ മുഖ്യ ആസൂത്രകന്‍ ഉള്‍പ്പടെ രണ്ട് പ്രധാന പ്രതികള്‍ പിടിയില്‍. ബിജെപി, ആര്‍എസ്​എസ്​ നേതാക്കള്‍ക്ക്​ പങ്കാളിത്തമുള്ള മൂന്നര കോടി രൂപയുടെ കുഴല്‍പ്പണം കടത്തിയ കേസിലാണ് ഒന്നാം പ്രതി മുഹമ്മദലി, വിവരം ചോർത്തിനൽകിയ അബ്ദുൽ റഷീദ് എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ നിന്നുമാണ് ഇരുവരെയും പിടികൂടിയത്. ചാലക്കുടി ഡി വൈ എസ് പി ഓഫീസിൽ എത്തിച്ച രണ്ടുപേരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

രണ്ടുപേർ കൂടി പിടിയിലായതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. അഞ്ചു ലക്ഷം രൂപ വീതം പ്രതിഫലം നല്‍കുമെന്ന്​ ഓഫര്‍ ലഭിച്ചതിനാലാണ്​ കൊള്ളയടിക്കാന്‍ നിന്നതെന്ന്​ അറസ്റ്റിലായ ഇരുവരും പൊലീസിൽ മൊഴി നൽകി. അബ്ദുല്‍ റഷീദാണ് കുഴല്‍പ്പണക്കടത്ത് കവര്‍ച്ചാ സംഘത്തിനു ചോര്‍ത്തിയത്. കവര്‍ച്ചയ്ക്കു ശേഷം പ്രതികള്‍ 45 ലക്ഷത്തിന്‍റെ ഇടപാട് നടത്തിയതായും പൊലീസ്​ പറഞ്ഞു.

കോഴിക്കോടുനിന്നു കൊച്ചിയിലേക്കു കൊണ്ടുപോവുകയായിരുന്ന പണമാണ്​ കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച്‌ കവര്‍ന്നത്​. പണം കൊണ്ടുവരുന്നതിന്റെ ചുമതല ആർഎസ്എസ് പ്രവർത്തകനായ ധര്‍മരാജനായിരുന്നു. കുഴല്‍പ്പണം കടത്തിയതിലും കൊള്ളയടിച്ചതിലും ആര്‍എസ്‌എസ്, ബിജെപി നേതാക്കള്‍ക്ക്​ ബന്ധമുള്ളതായി തൃശൂര്‍ എസ്പി ജി.

പൂങ്കുഴലി വെളിപ്പെടുത്തിയിരുന്നു. ധർമ്മരാജന് പണം നല്‍കിയത്​ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് ആണെന്നും എസ്പി പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്‍റ്​ കെ സുരേന്ദ്രന്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റായിരിക്കെ സുനില്‍ നായിക് ട്രഷററായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. ധര്‍മരാജനുമായി ബിസിനസ് ബന്ധമാണുള്ളതെന്നു സുനില്‍ മൊഴി നല്‍കി. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും.