“റിസൈൻ മോഡി’ ഹാഷ്ടാഗ് പുന:സ്ഥാപിച്ചുവെന്ന് ഫേസ്‌ബുക്ക്; ബ്ലോക്ക് ചെയ്‌തത്‌ അറിയാതെ സംഭവിച്ചതെന്നും വിശദീകരണം

0
67

 

മോഡി രാജിവെക്കണം ( #ResignModi ) എന്ന ഹാഷ്‌ടാഗ് ഉൾപ്പെട്ട പോസ്റ്റുകൾ ബ്ലോക്ക് ചെയ്യപ്പെട്ടത് അറിയാതെ സംഭവിച്ചതാണെന്ന് ഫേസ്‌ബുക്കിന്റെ വിശദീകരണം. ഹാഷ്‌ടാഗ് പുന:സ്ഥാപിച്ചുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഫേസ്‌ബുക്ക് അധികൃതർ അറിയിച്ചു.

രാജ്യത്ത് കോവിഡ് വാക്‌സിന്റെ വില നിയന്ത്രിക്കാതിരിക്കുകയും ഓക്‌‌സിജൻ കിട്ടാതെ രോഗികൾ മരിച്ചുവീഴുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരെ സോഷ്യൽമീഡിയയിൽ രൂക്ഷവിമർശനമുയർന്നത്. രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാൻ കോർപറേറ്റ് പ്രീണനം നടത്തുന്ന മോഡി സർക്കാർ രാജിവെക്കുകയാണ് വേണ്ടതെന്ന് നിരവധിപേർ ഫേ‌സ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്തു. ഇതോടെയാണ് #ResignModi എന്ന ഹാഷ്‌ടാഗ് ട്രെൻഡായി മാറിയത്.

എന്നാൽ പെട്ടെന്നുതന്നെ ഹാഷ്‌ടാഗ് ഉപയോഗിച്ചുള്ള പോസ്റ്റുകൾ ബ്ലോക്ക് ചെയ്യപ്പെട്ടുതുടങ്ങി. തങ്ങളുടെ കമ്യൂണിറ്റി സ്റ്റാൻഡേർഡിന് വിരുദ്ധമാണ് ഇത്തരം പോസ്റ്റുകളെന്നായിരുന്നു ഫേസ്‌ബുക്കിന്റെ വിശദീകരണം. ഫേസ്‌ബുക്കിന്റെ വിലക്ക് അന്താരാഷ്ട്ര തലത്തിലും ചർച്ചയായി. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഹാഷ്‌ടാഗ് പുന:സ്ഥാപിച്ചിരിക്കുന്നത്.