വാക്സിനേഷന് പുതിയ മാർഗനിർദേശവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. രണ്ടാം ഡോസ് വാക്സിന് എടുക്കാനുള്ള എല്ലാവര്ക്കും മുന്‍ഗണനയനുസരിച്ച് ആദ്യം നൽകിത്തീർക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
രണ്ടാം കോവിഡ് വാക്സിനേഷന് സ്വീകരിക്കുന്നവർ വാക്സിനേഷൻ കേന്ദ്രങ്ങളില്‍ വന്ന് തിരക്ക് കൂട്ടേണ്ടതില്ല. രണ്ടാമത്തെ ഡോസ് വാക്സിന് എടുക്കാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാകും. ഇതനുസരിച്ചായിരിക്കും വാക്സിനേഷൻ സെന്ററുകളിൽ പ്രവർത്തിക്കുക.
അതേസമയം, സ്വകാര്യ ആശുപത്രികൾ നിർമാതാക്കളിൽ നിന്ന് വാക്സിൻ വാങ്ങണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു. ഇപ്പോൾ നൽകിയിട്ടുള്ള വാക്സിൻ 45 വയസ് കഴിഞ്ഞവർക്ക് ഉടൻ നൽകണം. നിലവിൽ ലഭിച്ചിട്ടുള്ള വാക്സിന് 250 രൂപയേ വാങ്ങാവൂ. ഈ മാസം 30ന് മുമ്പ് വാക്സിൻ കൊടുത്തു തീർക്കണമെന്നും നിർദേശത്തിൽ പറയുന്നു.