ഒത്തുകളി : മുൻ ശ്രീലങ്കൻ താരം സോയ്‌സയ്ക്ക് ആറ് വർഷം വിലക്ക്

0
55

ഒത്തുകളിക്ക് കൂട്ടുനിന്നുവെന്ന ആരോപണത്തിൽ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം നുവാൻ സോയ്‌സയെ ക്രിക്കറ്റിൽ നിന്ന് ആറ് വർഷത്തേക്ക് വിലക്കി. ഒത്തു കളിക്കാനായി ഇന്ത്യൻ വാതുവെപ്പുകാരൻ സമീപിച്ച കാര്യം ഐസിസിയുടെ അഴിമതി വിരുദ്ധ സമിതിയെ അറിയിക്കാത്തതിനാണ് നടപടി.

2018 ഒക്ടോബർ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് 42കാരനായ സോയ്‌സയെ ക്രിക്കറ്റിൽ നിന്ന് വിലക്കിയത്. ഒരു ദശകം നീണ്ട രാജ്യാന്തര കരിയറിൽ 1997-2007 കാലഘട്ടത്തിൽ 30 ടെസറ്റിലും 95 ഏകദിനങ്ങളിലുമായി 125 മത്സരങ്ങളിൽ ശ്രീലങ്കയെ പ്രതിനിധീകരിച്ചിട്ടുള്ള കളിക്കാരനാണ് ഇടം കൈയൻ പേസറായിരുന്ന സോയ്‌സ.

ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം പരിശീലകനായിരുന്ന സോയ്‌സ 2017ൽ യുഎഇയിൽ നടന്ന ഒരു ടി10 മത്സരത്തിൽ ശ്രീലങ്കൻ ദേശീയ ടീമിന്റെ ബൗളിംഗ് പരിശീലകനായിട്ടുണ്ട്. 2017ൽ ശ്രീലങ്ക എ ടീമിന്റെ ബൗളിംഗ് പരിശീലകനായിരിക്കെ ഒത്തുകളിക്കായി സമീപിച്ച ഇന്ത്യൻ വാതുവെപ്പുകാരനു വേണ്ടി ടീം വിവരങ്ങൾ ചോർത്തിക്കൊടുക്കുകയും ടീമിലെ ഒരംഗത്തെ മോശം പ്രകടനം കാഴ്ചവെക്കാൻ നിർബന്ധിക്കുകയും അങ്ങനെ ചെയ്താൽ കൂടുതൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്നായിരുന്നു സോയ്‌സക്കെതിരായ ആരോപണം.