വിജയവാഡ: വ്യാജ റെംഡിസിവിര്‍ ഇന്‍ജെക്ഷനുകള്‍ കരിഞ്ചന്തയില്‍ വിറ്റ ഡോക്ടര്‍ അടക്കം രണ്ടു പേര്‍ അറസ്റ്റിലായി. ഭാനു പ്രതാപ്, വീരബാബു എന്നിവരാണ് ആന്ധ്രാ പ്രദേശിലെ വിജയവാഡയില്‍ അറസ്റ്റിലായത്. ഇവരില്‍നിന്ന് വ്യാജ മരുന്നുകള്‍ കണ്ടെടുക്കുകയും ചെയ്തു.
മംഗളഗിരി ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറാണ് ഭാനു പ്രതാപ്. ഇയാള്‍ 52,000 രൂപക്ക് ഹൈദരാബാദില്‍നിന്നാണ് നാലു വ്യാജ റെംഡിസിവിര്‍ ഇന്‍ജെക്ഷനുകള്‍ എത്തിച്ചതെന്ന് വിജയവാഡ പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു.
കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റിവൈറല്‍ മരുന്നാണ് റെംഡിസിവിര്‍. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തില്‍ ഏറെ ആവശ്യകതയുള്ള മരുന്നാണിത്. റെംഡിസിവിര്‍ ഇന്‍ജെക്ഷന്‍ വില്‍പന കരിഞ്ചന്തയില്‍ സജീമാണ്. റെംഡിസിവിറിന്റെ കയറ്റുമതിയും അനധികൃത ഇടപാടുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
ഈ മരുന്ന് കരിഞ്ചന്തയില്‍ വിറ്റതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. മലയാളികളടക്കം അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.