കോവിഡ് വ്യാപനം : വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ പ്രതിരോധ നടപടികൾ പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

0
94

വോട്ടെണ്ണൽ ദിവസം വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സ്വീകരിക്കേണ്ട കൊവിഡ് പ്രതിരോധ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 48 മണിക്കൂറിനുള്ളിൽ ആർടിപിസിആർ അല്ലെങ്കിൽ ആർഎടി ടെസ്റ്റ് നെഗറ്റീവ് ആയതിന്റെ ഫലമോ, രണ്ടുഡോസ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാനാർഥികളേയോ ഏജന്റുമാരേയോ വോട്ടെണ്ണൽ ഹാളിൽ കയറാൻ അനുവദിക്കില്ല. സ്ഥാനാർത്ഥികൾക്കും കൗണ്ടിംഗ് ഏജന്റുമാർക്കും വോട്ടെണ്ണൽ ദിനത്തിന് മുമ്പ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ഒരുക്കണം.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കൊവിഡ് മാർഗനിർദേശങ്ങളനുസരിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പ് അധികൃതരിൽനിന്ന് നേടിയിരിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.

48 മണിക്കൂറിനുള്ളിൽ ആർടിപിസിആർ അല്ലെങ്കിൽ ആർഎടി ടെസ്റ്റ് നെഗറ്റീവ് ആയതിന്റെ ഫലമോ, രണ്ടുഡോസ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാനാർത്ഥികളേയോ ഏജന്റുമാരേയോ വോട്ടെണ്ണൽ ഹാളിൽ കയറാൻ അനുവദിക്കില്ല. കൗണ്ടിംഗ് ഏജന്റുമാരുടെ പട്ടിക സ്ഥാനാർഥികൾ വോട്ടെണ്ണൽ ദിവസത്തിന് മൂന്നുദിവസം മുമ്പ് വരണാധികാരികൾക്ക് നൽകണം.

കൊവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യമാണെങ്കിൽ കൗണ്ടിംഗ് ഏജന്റുമാരെ മാറ്റാൻ സ്ഥാനാർഥികൾക്ക് അവസരമുണ്ടാകും. വോട്ടെണ്ണൽ സമയത്ത് കേന്ദ്രത്തിന് പുറത്ത് പൊതുജനങ്ങൾ കൂട്ടംകൂടാൻ അനുവദിക്കില്ല. ഹാളിന്റെ വിസ്തൃതിയും അനുസരിച്ചാകണം കൗണ്ടിംഗ് ടേബിളുകൾ അനുവദിക്കേണ്ടത്. തപാൽ ബാലറ്റുകൾ എണ്ണാൻ കൂടുതൽ എആർഒമാരെ നിയോഗിക്കണം. ആവശ്യമെങ്കിൽ തപാൽ ബാലറ്റുകൾ പ്രത്യേക ഹാളിൽ എണ്ണണം.

വിജയാഹ്‌ളാദ ഘോഷയാത്ര വോട്ടെണ്ണലിന് ശേഷം അനുവദിക്കുന്നതല്ല. വിജയിച്ച സ്ഥാനാർഥിക്കൊപ്പം രണ്ടുപേരിൽ കൂടുതൽ സർട്ടിഫിക്കറ്റ് വാങ്ങാനായി വരണാധികാരിക്ക് മുന്നിലെത്താൻ പാടില്ല. മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്ക് ദുരന്ത നിവരണ നിയമപ്രകാരം നിയമനടപടി സ്വീകരിക്കും.

മാർഗനിർദേശങ്ങൾ കർശനമായി നടപ്പിൽ വരുത്തുന്നതായി ഉറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും എല്ലാ ജില്ലാ കളക്ടർമാർക്കും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി.