പ്രായപൂര്‍ത്തിയാവാത്ത മകന്‍ ബൈക്ക് ഓടിച്ചു, അമ്മയ്ക്ക് തടവും 25000 രൂപ പിഴയും

0
101

പ്രായപൂര്‍ത്തിയാകാത്ത മകന്‍ ബൈക്ക് ഓടിച്ചതിന് വാഹന ഉടമയായ അമ്മയ്ക്ക് തടവും പിഴയും വിധിച്ച് കോടതി. ഒരു ദിവസം തടവും കാല്‍ ലക്ഷം രൂപ പിഴയുമാണ് കാസര്‍കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. കാസർകോട് ജില്ലയിലെ കുണ്ടംകുഴി വേളാഴി സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ അമ്മയ്ക്കാണ് 25000 രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവുശിക്ഷയും വിധിച്ചത്.

ഇതിനൊപ്പം ബൈക്ക് ഓടിച്ച വിദ്യാര്‍ത്ഥിക്ക് 1000 രൂപ പിഴയും വിധിച്ചു. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയ്ക്ക് അറിവോടുകൂടി വാഹനം നല്‍കിയതിനാണ് അമ്മയ്‌ക്കെതിരെ കോടതി നടപടി സ്വീകരിച്ചത്. 2020 മാര്‍ച്ച്‌ 17 നാണ് കേസിനാസ്പദമായ സംഭവം.

കുണ്ടംകുഴി മാവിനക്കല്ല് പ്രദേശത്ത് വാഹന പരിശോധനയ്ക്കിടെ വിദ്യാര്‍ത്ഥിയെ പൊലീസ് പിടികൂടിയായിരുന്നു. എന്നാല്‍ പരിശോധനയില്‍ ബൈക്ക് ഓടിച്ചിരുന്ന വിദ്യാര്‍ത്ഥിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതോടെ ആര്‍സി ഉടമയായ മാതാവിനെതിരെ ബേഡകം പോലീസ് കേസെടുക്കുകയായിരുന്നു.