കേരളാ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ, തിരുവനന്തപുരം ശാഖയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 100 ഡോക്ടർമാർക്ക് ഗുരുതര കോവിഡ് രോഗികളുടെ പരിചരണത്തെ കുറിച്ച് പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
രണ്ടു ദിവസങ്ങളായി നടത്തി വരുന്ന ഓൺലൈൻ ശില്പശാലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സാംക്രമിക രോഗ വിഭാഗം മേധാവി ഡോ അരവിന്ദ് ആർ, നൂതന ചികിത്സകളെ കുറിച്ചും, കഴിഞ്ഞ ആഴ്ച വത്യാസപ്പെടുത്തിയ സംസ്ഥാന കോവിഡ് ചികിത്സ മാർഗ്ഗനിര്ദേശങ്ങളെ കുറിച്ചും ബോധവത്കരണം നടത്തി. തുടർന്ന്, തീവ്ര പരിചരണ വിഭാഗം (ക്രിട്ടിക്കൽ കെയർ യൂണിറ്റ് ) മേധാവി ഡൊ. അനിൽ സത്യദാസ് കോവിഡ് ചികിത്സയിൽ ഓക്സിജൻ ചികിത്സയുടെ പ്രത്യേകതകളെ കുറിച്ചും ഹൈ ഫ്ലോ നേസൽ ക്യാനുല, വെന്റിലേറ്റർ മാനേജ്‌മന്റിലെ നൂതന സാധ്യതകളെ കുറിച്ചും വിശദമായി സംസാരിച്ചു.
കോവിഡ് രോഗികളിൽ കണ്ടു വരുന്ന CT സ്കാൻ, X-RAY, അൾട്രാസൗണ്ട് സ്കാൻ എന്നിവയിലെ പ്രത്യേകതരം വ്യതിയാനങ്ങളെ കുറിച്ച് റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവി ഡോ ജയശ്രീ ബോധവത്കരണം നടത്തി .ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ സിബി എസ്, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ ബെനറ്റ്, പ്രൊഫസർ ഡോ ബാബുരാജ്, റേഡിയോ ഡയഗ്നോസിസ് അഡിഷണൽ പ്രൊഫസർ ഡോ മനോജ് പിള്ള എന്നിവർ ക്ലാസ്സുകളിൽ അധ്യക്ഷത വഹിച്ചു.
കെജിഎംസിടിഎ ശാഖാ പ്രസിഡന്റ് ഡോ ആർ സീ ശ്രീകുമാർ , സെക്രട്ടറി ഡോ രാജ് എസ ചന്ദ്രൻ , അക്കാഡമിക് കോഓർഡിനേറ്റർ ഡോ: പ്രവീൺ പണിക്കർ എന്നിവരും സംസാരിച്ചു. ക്ലാസ്സുകളിൽ 100 ഇൽ പരം ഡോക്ടർമാർ പങ്കെടുത്തു. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുകയും മെഡിക്കൽ കോളേജ് പൂർണമായി കോവിഡ് ചികിത്സയിലേക്കും മാറുന്ന സാഹചര്യത്തിൽ ക്രിട്ടിക്കൽ കെയർ പരിചരണം എല്ലാ ഡോക്ടർമാരും ചെയ്യേണ്ടി വരുമെന്നതിനാൽ ഇങ്ങനെ ഒരു ക്ലാസ് അനിവാര്യം ആയിരുന്നു എന്ന് ശില്പശാലയിൽ പങ്കെടുത്ത ഡോക്ടർമാർ അഭിപ്രായപ്പെട്ടു.
ഇനിയുള്ള ആഴ്ചകളിൽ ഗുരുതര രോഗികൾ അല്ലാത്തവർ മെഡിക്കൽ കോളേജ് ഒപിയിലേക്കു സന്ദർശനങ്ങൾ പരിമിതപ്പെടുത്തണമെന്നും , പ്രൈമറി ഹെൽത്ത് സെന്ററുകളെയും താലൂക് ജില്ലാ ആസ്പത്രി എന്നിവയെയും കൂടുതൽ ഉപയോഗപ്പെടുത്തണമെന്നും സംഘടനാ ഭാരവാഹികൾ അഭ്യർത്ഥിച്ചു