വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത; വന്‍ നാശനഷ്ടമെന്ന് റിപ്പോർട്ട്

0
64

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മേഘാലയ എന്നിവിടങ്ങളിലും വടക്കൻ ബംഗാളിലും വൻഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയാണ് അറിയിച്ചത്. രാവിലെ 7.51 ഓടെയായിരുന്നു അസമില്‍ ആദ്യ ഭൂചലനം ഉണ്ടായത്.7.55ന് രണ്ട് തുടര്‍ ചലനങ്ങളുമുണ്ടായി. 4.3, 4.4 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളാണ് ഉണ്ടായത്.

പലയിടത്തും ജനം വീടുകളില്‍നിന്ന് പരിഭ്രാന്തരായി ഇറങ്ങിയോടി. വടക്കന്‍ ബംഗാളിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. അസമില്‍ നാശനഷ്ടം ഉണ്ടായതായാണ് വിവരം. ആദ്യ ചലനത്തിനുശേഷം 7.55ന് 4.3 തീവ്രതയുള്ളതും 8.01ന് 4.4 തീവ്രതയുള്ളതുമായ ചലനങ്ങളുണ്ടായി.

പലയിടങ്ങളിലും കെട്ടിടങ്ങള്‍ക്കു കേടുപാടുണ്ടായി. തേസ്പൂരില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. ബംഗ്ലാദേശ്, മ്യാന്മാർ, ഭൂട്ടാൻ, ചൈന എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനം ഉണ്ടായ ഇടങ്ങളിൽ ദേശീയ ദുരന്ത നിവാരണ സമിതി ഉദ്യോഗസ്ഥർ അടക്കമുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്കായി എത്തി.