‘ആളുകള്‍ മരിക്കട്ടെയെന്നാണ് നിങ്ങളുടെ ഉള്ളില്‍’; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി

0
59

കോവിഡ് രോഗികള്‍ക്കു റെംഡിസിവിര്‍ നല്‍കുന്നതിനുള്ള പ്രോട്ടോക്കോള്‍ മാറ്റിയതില്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആളുകള്‍ മരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ജസ്റ്റിസ് പ്രതിഭ എം സിങ് കുറ്റപ്പെടുത്തി.

ഓക്‌സിജന്‍ സപ്പോര്‍ട്ടില്‍ ഉള്ളവര്‍ക്കു മാത്രം റെംഡിസിവിര്‍ നല്‍കണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ പ്രോട്ടോക്കോള്‍. ഇതു തെറ്റാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ”യാതൊരു യുക്തിയുമില്ലാത്ത തീരുമാനമാണ് കേന്ദ്ര സര്‍ക്കാരിന്റേത്. ഇപ്പോള്‍ ഓക്‌സിജന്‍ കിട്ടാത്തവര്‍ക്കു റെംഡിസിവിറും കിട്ടില്ല എന്നതാണ് സ്ഥിതി. ആളുകള്‍ മരിക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്.” – ജസ്റ്റിസ് പ്രതിഭ നിരീക്ഷിച്ചു.

മരുന്നിനു ക്ഷാമമുള്ളതുകൊണ്ടാണ് കേന്ദ്രം പ്രോട്ടോക്കോള്‍ മാറ്റിയതെന്നു തോന്നുന്നതായി കോടതി പറഞ്ഞു. കോവിഡ് ബാധിതന്‍ ആയിട്ടും റെംഡിസിവിര്‍ കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ആറു ഡോസിനു പകരം മൂന്നു ഡോസ് റെംഡിസിവിറാണ് കിട്ടിയത്. ഇതിനു കാരണം പ്രോട്ടോക്കോള്‍ മാറ്റമാണെന്ന് അഭിഭാഷകന്‍ വാദിച്ചു. കോടതി ഇടപെടലിനെത്തുടര്‍ന്ന് അഭിഭാഷകന് റെംഡിസിവിര്‍ അനുവദിച്ചു.