കൊവിഡ് വ്യാപനം അതിരൂക്ഷമായ ഉത്തര്‍പ്രദേശില്‍ ഓക്സിജൻ കിട്ടാതെ എട്ട് കൊവിഡ് രോഗികള്‍ കൂടി മരിച്ചു. ആഗ്രയിലെ ആശുപത്രിയിലാണ് സംഭവം. ആഗ്രയിലെ പാരാസ് ഹോസ്പിറ്റലിലാണ് കൊവിഡ് രോഗികള്‍ മരിച്ചത്. ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമമില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അറിയിപ്പിനുപിന്നാലെയാണ് എട്ട് കോവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചതെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ 24 മണിക്കൂറില്‍ മെഡിക്കല്‍ ഓക്‌സിജന്റെ കുറവുണ്ടായെന്നും അത് ഉടന്‍തന്നെ പരിഹരിക്കുമെന്നും അതിനുവേണ്ടിയുള്ള നടപടി കൈക്കൊണ്ടതായും ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു സിംഗ് പറഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ പെട്ടെന്ന് വര്‍ധന ഉണ്ടായതാണ് ഓക്‌സിജന്‍ ക്ഷാമത്തിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് പാരാസ് ആശുപത്രി ജീവനക്കാരന്‍ തനു ചതുര്‍വേദി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്നും ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ച് ‘അഭ്യൂഹങ്ങള്‍’ പരത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭീഷണി മുഴക്കിയിരുന്നു. യഥാര്‍ഥ പ്രശ്നം കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പുമായിരുന്നെന്നും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ഓക്സിജന്‍ വിതരണത്തിന് ഒരു കുറവുമില്ലെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു. ചിലര്‍ പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്ക വളർത്തി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഓക്‌സിജന് വേണ്ടി ട്വിറ്ററിലൂടെ അഭ്യര്‍ത്ഥന നടത്തിയ യുവാവിനെതിരെ യുപി പോലീസ് ക്രിമിനല്‍ കേസെടുത്തു. അമേഠി പോലിസാണ് ശശാങ്ക് യാദവ് എന്ന യുവാവിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. തന്റെ സുഹൃത്തിന്റെ മുത്തശ്ശിക്ക് ഓക്‌സിജന്‍ എത്തിച്ച് നല്‍കാനായി സഹായിക്കണം എന്നായിരുന്നു ശശാങ്ക് ട്വീറ്റ് ചെയ്തത്. ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട യുപി പോലിസ് യുവാവിനെതിരേ ക്രിമിനല്‍ കേസെടുക്കുകയായിരുന്നു.