ദുരിതകാലത്ത് ഒന്നിച്ചുനില്‍ക്കണം; വാക്‌സിന്‍ ചലഞ്ചിനോടുള്ള ചിലരുടെ നിലപാട് കണ്ടപ്പോള്‍ ഇത് പറയാതെ വയ്യ, വൈറലായി സി ബി ചന്ദ്രബാബുവിന്റെ കുറിപ്പ്

0
64

1991 ലെ പ്രളയകാലത്ത് അന്നത്തെ യുഡിഎഫ് സർക്കാരിന് സഹായം കൈമാറാൻ മുഖ്യമന്ത്രി കെ കരുണാകരനെ നേരിട്ട് കണ്ട ഓർമ പങ്കുവച്ച് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം സി ബി ചന്ദ്രബാബു. അന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതാവായിരുന്നു ചന്ദ്രബാബു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിലും വാക്സിൻ ചലഞ്ചിൻ്റെ കാലത്തും അന്നത്തെ കൂടിക്കാഴ്ചയുടെ അനുഭവങ്ങൾ പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പ് വൈറലായി.

കെ കരുണാകരനെതിരെ ഡിവൈഎഫ്ഐ പ്രക്ഷോഭങ്ങളും പൊലീസ് മർദ്ദനവും രൂക്ഷമായിരുന്ന കാലത്തായിരുന്നു പ്രളയസമയത്തെ കൂടിക്കാഴ്ച. വാക്സിൻ ചലഞ്ച് ഏറ്റെടുക്കില്ലെന്ന പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ നിഷേധ നിലപാടിന്റെ സമയത്താണ് ചന്ദ്രബാബുവിന്റെ കുറിപ്പ്.

പ്രളയകെടുതിയില്‍ സര്‍ക്കാരിനൊപ്പം സേവനസന്നദ്ധരായി അണിനിരന്നവരാണ് ഡിവൈഎഫ്‌ഐക്കാര്‍ എന്ന് കെ കരുണാകരൻ അകമഴിഞ്ഞ് അഭിനന്ദിച്ചതും അന്ന് കൂടെയുണ്ടായിരുന്ന പന്തളം സുധാകരനോട് മാതൃകാപരമായ ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തനം കണ്ട് പഠിക്കുവാന്‍ ഉപദേശിച്ചതും സി ബി ചന്ദ്രബാബു ഓര്‍മ്മിക്കുന്നു. ചന്ദ്രബാബുവിന്റെ പോസ്റ്റ് ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

പോസ്റ്റിന്റെ പൂർണരൂപം.

ഒരു പഴയ ചിത്രമാണ്.
ഇത്തരം ചിത്രങ്ങൾ ഒന്നും എൻ്റെ പക്കലില്ല. DYFI യിൽ പ്രവർത്തിക്കുമ്പോൾ സഹപ്രവർത്തകനായിരുന്ന ഒരു സഖാവ് ഇന്ന് അയച്ചു തന്നതാണ്. 1991ൽ സംസ്ഥാനത്ത് വലിയ നാശം വിതച്ച പ്രളയകെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുവാൻ DYFI സംസ്ഥാനത്തു നിന്ന് ഹുണ്ടികപിരിവ് വഴി ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്ന ചടങ്ങാണിത്. സെക്രട്ടറിയറ്റിലെ ഓഫീസിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെയാണ് ഏതാനും ലക്ഷങ്ങൾ വരുന്ന തുക ഏൽപ്പിച്ചത്. എസ്.ശർമ്മ, കടകംപള്ളി സുരേന്ദ്രൻ, മുത്തു എന്നിവരാണ് കൂടെയുള്ളത്. മുഖ്യമന്ത്രിയുടെ മറയിൽ നിൽക്കുന്നത് മന്ത്രിയും യൂത്ത് കോൺഗ്രസ് പ്രസിഡൻ്റുമായിരുന്ന പന്തളം സുധാകരനാണ്

 

. ഈ കൂടിക്കാഴ്ച എന്നും ഓർമ്മയിൽ നിൽക്കാൻ ചില കാരണങ്ങൾ ഉണ്ട്. സംഭവദിവസം മുഖ്യമന്ത്രിയെ നേരിൽ കാണുന്നതിന് പേഴ്സണൽ സ്റ്റാഫിലെ ഒരു പ്രമുഖൻ വഴി അനുമതി വാങ്ങിയാണ് ചെന്നത്. ഞങ്ങൾ ചെല്ലുമ്പോൾ അനുമതി തന്നയാൾ സ്ഥലത്തില്ല. മറ്റൊരു പ്രമുഖനെ സമീപിച്ച് കാര്യം ധരിപ്പിച്ചു. സി.എം.വളരെ തിരക്കിലാണ് ഒരു തരത്തിലും കാണാൻ അനുവദിക്കില്ല എന്നായി അദ്ദേഹം. കുറച്ചു സമയം അവിടെ ചുറ്റിപ്പറ്റി നിന്നിട്ട് മടങ്ങി DYFI ഓഫീസിൽ എത്തി.

 

മൊബൈലൊന്നുമില്ലാത്ത കാലമാണ്. എന്നാൽ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ഒരു ഹോട്ട്‌ലൈൻ ഫോണുണ്ടെന്ന് എവിടെയോ വായിച്ച ഒരോർമ്മ ശർമ്മയെ ധരിപ്പിച്ചു. നമ്പർ സംഘടിപ്പിച്ച് ലാൻ്റ്ഫോണിൽ കറക്കി. മറുഭാഗത്ത് മുഖ്യമന്ത്രി ഫോണിൽ വന്നു. സെക്രട്ടറിയറ്റിൽ വന്ന് കാണാൻ കഴിയാതെ മടങ്ങിയ കാര്യം പറഞ്ഞു. ഇപ്പോൾ നിങ്ങൾ എവിടെയാണ് മറുഭാഗത്ത് നിന്നാരാഞ്ഞു. DYFI ഓഫീസിലാണെന്ന് ശർമ്മ പറഞ്ഞു. ഒരു വാഹനം അവിടെ വരും അതിൽ കയറി ഓഫീസിലേക്ക് എത്താൻ നിർദേശിച്ചു. ഏതാനും മിനിറ്റിനകം സർക്കാർ ബോർഡുള്ള വണ്ടി വന്നു.

 

രാജകീയമായി വീണ്ടും സെക്രട്ടറിയറ്റിലേക്ക്.നോർത്ത് ബ്ലോക്ക് മുതൽ പോലീസ് അകമ്പടിയോടെ സി.എം.ൻ്റെ ഓഫീസിലേക്ക്. ആഫീസിലും പരിസരത്തുമുള്ളവർ അത്ഭുതത്തോടെ വഴിതരുന്നു. ലേശം ഗമയിൽ തന്നെ അകത്തു കയറി. ഞങ്ങളെ കണ്ടതും ഉഗ്രപ്രതാപിയായ കെ.കരുണാകരൻ എണീറ്റ് നിന്ന് സ്വീകരിച്ചു. സംഭാവനതുകയുടെ ചെക്കും കൂടെയുള്ള കത്തും വായിച്ചു. തുടർന്ന് പറഞ്ഞു, DYFI ഭാരവാഹികൾക്ക് കേരളത്തിലെ മുഖ്യമന്ത്രിയെ കാണുവാൻ മുൻകൂർ അനുമതിയുടെ ആവശ്യം ഇല്ല.

 

കേരളം ഒരു വലിയ പ്രതിസന്ധി തരണം ചെയ്യാൻ ശ്രമിക്കുമ്പോൾ ഗവണ്മെൻ്റിനൊപ്പം സേവനസന്നദ്ധരായി അണിനിരന്നവരാണ് നിങ്ങൾ. ആ മഹത്വമുള്ളവർക്ക് ഈ വാതിൽ തുറന്ന് എപ്പോൾ വേണമെങ്കിലും കടന്നുവരാം. കൂടെ ഇതു കണ്ട് പഠിക്കുവാൻ പന്തളംസുധാകരനോട് ഒരുപദേശവും. വാക്സിൻ ചലഞ്ചിനോടോം കോവിഡ് പ്രതിരോധപ്രവർത്തനങ്ങളൊടും ചിലർ സ്വീകരിക്കുന്ന നിലപാട് കണ്ടപ്പോൾ ഇത്രയും പറയാൻ തോന്നിയതാണ്. DYFI അതിൻ്റെ ചരിത്രത്തിൽ ഏറ്റവും ശക്തമായി ഏറ്റുമുട്ടിയ ഭരണാധികാരിയായിരുന്നു കെ.കരുണാകരൻ. എന്നാൽ ദുരിതകാലത്ത് ഒന്നിച്ച് നിൽക്കണമെന്നതാണ് DYFI നിലപാട്

സി.ബി.ചന്ദ്രബാബു