യോഗി ആദിത്യനാഥിന് കത്തയച്ച മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ഭാര്യ

0
108

ഉത്തർപ്രദേശ് പൊലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയന്‌ നന്ദി അറിയിച്ച് കാപ്പന്റെ ഭാര്യ റൈഹാനത്ത്. മുഖ്യമന്ത്രിയുടെ ഇടപെടൽ തനിക്ക്‌ വലിയ ആശ്വാസമേകിയെന്നും റൈഹാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ വൈകാരികമായി സംസാരിച്ചത് ഒരു ഭാര്യ എന്ന നിലയ്ക്കുള്ള വേദനകൊണ്ടാണ്. അത് എല്ലാവരും മനസ്സിലാക്കുമെന്ന് കരുതുന്നു. ഒറ്റദിവസംകൊണ്ട് പത്രപ്രവർത്തക യൂണിയനും മാധ്യമസമൂഹവും സാംസ്‌കാരിക പ്രവർത്തകരും തനിക്കൊപ്പംനിന്നു. ഇതിൽനിന്ന് ഒരുവിഭാഗം ആളുകൾ മാത്രമാണ് വിട്ടുനിന്നത്‌.മുഖ്യമന്ത്രിയുടെ സഹായം ഇനിയും തനിക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും അവസാനംവരെ കൂടെയുണ്ടാകുമെന്ന് കരുതുന്നു. അത് തനിക്ക് നൽകുന്ന പോസിറ്റിവിറ്റി ചെറുതല്ലെന്നും റൈഹാനത്ത്‌ പറഞ്ഞു.

കോവിഡ് ബാധിതനായ സിദ്ദിഖിനെ അടിയന്തരമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. യുഎപിഎ പ്രകാരം തടവിലാക്കപ്പെട്ട കാപ്പൻ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കോവിഡ് ബാധിച്ചതിനെ തുടർന്ന് മഥുരയിലെ കെവിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോർട്ടുകളുണ്ടന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആധുനിക ജീവൻരക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്ന് യുപി മുഖ്യമന്ത്രിയോട് കേരള മുഖ്യമന്ത്രി അഭ്യർഥിച്ചു.