കൂടുതൽ പേർ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകാൻ സന്നദ്ധമാകണം ; മുഖ്യമന്ത്രി

0
71

27.04.2021

ഇന്ന് ചേർന്ന അവലോകന യോഗം നിലവിലുള്ള സാഹചര്യം വിശദമായി വിലയിരുത്തി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ശക്തമായി തന്നെ നടപ്പാക്കാനാണ് തീരുമാനം. നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ആരും വിമുഖത കാട്ടരുത്.

ജനിതകമാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ റെയിൽവെ സ്‌റ്റേഷൻ, എയർ പോർട്ട് എന്നിവിടങ്ങളിൽ പരിശോധനാ സംവിധാനം ശക്തിപ്പെടുത്തും

ഓക്‌സിജൻ ലഭ്യത കൃത്യമായി വിലയിരുത്തി. പ്രതിസന്ധി മുൻകൂട്ടി കണ്ട് കൂടുതൽ ഒരുക്കങ്ങളാണ് നടത്തുന്നത്. ഓക്‌സിജൻ ലഭ്യത ഒരു കാരണവശാലും തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. രോഗ വ്യാപനം മുന്നിൽ കണ്ട് ഓക്‌സിജൻ ബെഡുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
എല്ലാ പ്രധാന ആശുപത്രികളിലും സി എഫ് എൽ ടി സി കളിലും ഓക്‌സിജൻ ബെഡ് ഉറപ്പാക്കും.
ഗുരുതരാവസ്ഥ മുന്നിൽ കണ്ട് ബഫർ സ്‌റ്റോക്ക് ഉണ്ടാക്കും.
ഇ എസ് ഐ കോർപ്പറേഷന് കീഴിലുള്ള ആശുപത്രികളിലെ ബെഡ് കൂടി ഓക്‌സിജൻ ബെഡ് ആക്കി മാറ്റാം എന്ന് അവർ സമ്മതിച്ചിട്ടുണ്ട്.

ജയിലുകളിൽ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തടവുകാർക്ക് പരോൾ അനുവദിക്കുന്നതിന് ആലോചിക്കുന്നുണ്ട്.
കേരളത്തിലെ ആക്റ്റീവ് കേസുകൾ കഴിഞ്ഞ രണ്ട് ആഴ്ചകൾക്കുള്ളിൽ 255 ശതമാനമാണ് വർദ്ധിച്ചത്.

നമ്മൾ എല്ലാ സംവിധാനങ്ങളും ഒരുക്കുകയും സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയൂം ചെയ്യുന്നുണ്ടെങ്കിലും, ആരോഗ്യമേഖലയിലെപ്രവർത്തകരുടെ എണ്ണത്തിന്റെ പരിമിതി വലിയ പ്രശ്‌നമായി മുൻപിലുണ്ട്. ഡോക്ടർമാർ, നഴ്‌സുമാർ എല്ലാം ഉൾപ്പെടെ 13625 പേരെ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇതും പര്യാപ്തമല്ലാത്ത സാഹചര്യമാണ് ഉരുത്തിരിയുന്നത്. കൂടുതൽ ആളുകൾ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകാൻ സന്നദ്ധമാകണം. ഇതിനായി മാധ്യമങ്ങളിൽ സർക്കാർ പരസ്യം നൽകിയിട്ടുണ്ട്. കൂടുതൽ ആളുകൾ സന്നദ്ധരായി മുന്നോട്ടു വന്ന് കോവിഡ് ബ്രിഗേഡ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഈ നാടിനു സേവനം അനിവാര്യമായ ഘട്ടമാണിത്. ചരിത്രപരമായ ഈ ദൗത്യം ഏറ്റെടുക്കാൻ തയ്യാറാകണമെന്ന് അഭ്യർഥിക്കുകയാണ്.

സംസ്ഥാനത്താകെയുള്ള ചിത്രം സ്ഥിതിഗതികൾ രൂക്ഷമാകുന്നതിന്റേത് തന്നെയാണ്.
തിരുവനന്തപുരത്ത് കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 51 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ സുഗമമായി നടക്കുന്നുണ്ട്. ജില്ലയിൽ മാസ് വാക്‌സിനേഷൻ നടക്കുന്ന ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ക്രമീകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാൻ സ്‌പെഷ്യൽ തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി നിയമിച്ചു. ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രികളിലെ 75 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കു മാറ്റിവയ്ക്കാൻ നിർദേശം നൽകി. ഇതിൽ പകുതി കിടക്കകൾ ബുധനാഴ്ച സജ്ജമാകും. ഇതിൽത്തന്നെ 30 ശതമാനം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ റഫർ ചെയ്യുന്നവർക്കു നൽകും.

പഞ്ചായത്ത് തലത്തിൽ ആരംഭിച്ചിരിക്കുന്ന ഡോമിസിലിയറി കെയർ സെന്ററുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സിഎഫ്എൽടി.സികൾ, സി.എസ്.എൽ.ടി.സികൾ എന്നിവിടങ്ങളിലേക്കുള്ള ആവശ്യങ്ങൾക്കും മറ്റ് സഹായം ആവശ്യമുള്ളവർക്കും ആംബുലൻസ് സൗകര്യം ലഭ്യമാക്കാൻ താലൂക്ക് തലത്തിൽ ആംബുലൻസ് ടീമുകളെ നിയോഗിച്ചു.

പത്തനംതിട്ട ജില്ലയിൽ കൺസ്ട്രക്ഷൻ സൈറ്റുകൾ, ബേക്കറി തുടങ്ങിയ ഇടങ്ങളിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളികൾക്കിടയിൽ കോവിഡ് രോഗവ്യാപനം റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിഥി തൊഴിലാളികൾ കൂടുതലായുള്ള ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകൾ നടത്തിവരുന്നു.

കോട്ടയം ജില്ലയിൽ നാലു പഞ്ചായത്തുകളിലും 37 തദ്ദേശ സ്ഥാപനങ്ങളിലെ 59 വാർഡുകളിലും 144 വകുപ്പനുസരിച്ച് നിയന്ത്രണങ്ങളുമുണ്ട്.

എറണാകുളത്ത് മെഡിക്കൽ ഓക്‌സിജന്റെ ഉല്പാദനം വർധിപ്പിക്കാനുള്ള നടപടി ആരംഭിച്ചു. ബി.പി.സി എല്ലിൽ നിന്നും ഉല്പാദിപ്പിക്കുന്ന ഓക്‌സിജൻ മൂന്ന് ടണ്ണാക്കി ഉയർത്താൻ നിർദ്ദേശം നൽകി. പുതിയതായി നാല് പ്ലാന്റുകളാണ് ജില്ലയിൽ വരുന്നത്.

തൃശൂർ ജില്ലയിലെ പ്രതിദിന രോഗികൾ നാലു ദിവസം കൂടുമ്പോൾ ഇരിട്ടിച്ചേക്കും എന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള ഓക്‌സിജനും വെന്റിലേറ്ററുകളും തയ്യാറാക്കിയിട്ടുണ്ട്.
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പ്രതിദിനം ശരാശരി 300 യൂണിറ്റ് ഉല്പാദിപ്പിക്കാവുന്ന ഓക്‌സിജൻ പ്ലാന്റ് ഒരാഴ്ചക്കകം പ്രവർത്തനമാരംഭിക്കും.
മലപ്പുറം ജില്ലയിൽ ഇരുപതിനായിരത്തിലധികം രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. നാൽപതിനായിരത്തിൽ പരം രോഗികൾ നിരീക്ഷണത്തിലുമുണ്ട്.
വയനാട് ജില്ലയിൽ ആദിവാസി മേഖലകളിൽ രോഗ വ്യാപനം തടയുന്ന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ഏകോപിപ്പിക്കാനുമായി ട്രൈബൽ സെൽ രൂപീകരിച്ചു.

കണ്ണൂർ ജില്ലയിൽ കൊവിഡ് ചികിൽസയ്ക്കുള്ള മതിയായ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഗുരുതര രോഗികൾക്കായുള്ള ബെഡുകളുടെ എണ്ണം വർധിപ്പിക്കും.
നിലവിൽ ഓക്‌സിജൻ സംവിധാനമുള്ള 1300ലേറെ കിടക്കകൾ ജില്ലയിൽ തയ്യാറാക്കിയിട്ടുണ്ട്.
കാസർകോട് ജില്ലയിൽ സി.എഫ്.എൽ.ടി.സികൾ വർധിപ്പിക്കുന്നുണ്ട്.

ജനിതക വ്യതിയാനം ബാധിച്ച വൈറസുകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വന്ന വിവരങ്ങൾ ഗൗരവത്തിൽ കാണുകയാണ്. കേരളത്തിൽ കണ്ടെത്തിയ ജനിതക വ്യതിയാനം വന്ന മൂന്നു വൈറസുകളെക്കുറിച്ച് നടത്തിയിട്ടുള്ളറിസ്‌ക് അസെസ്‌മെന്റ് പഠനം രോഗവ്യാപന വേഗത, മരണ സാധ്യത, വാക്‌സിനുകളെ മറികടക്കാനുള്ള കഴിവ് എന്നീമൂന്നു കാര്യങ്ങളാണ് വിലയിരുത്തുന്നത്. അതനുസരിച്ച് രോഗവ്യാപന വേഗത അവ കൂടുതൽ തീവ്രമാക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

മ്യൂട്ടേഷൻ വന്ന വൈറസുകൾ മരണ നിരക്കുയർത്തുമോ എന്നതാണ് രണ്ടാമത്തെ കാര്യം. രോഗവ്യാപനം കൂടുന്നതിനു ആനുപാതികമായിമരണസംഖ്യയും ഉയരും. നമ്മുടെ ആരോഗ്യമേഖലയ്ക്ക് താങ്ങാവുന്നതിലുമധികമായി രോഗികളുടെ എണ്ണമുയരുകയാണെങ്കിൽ കൃത്യമായ ചികിത്സയും പരിചരണവും നൽകാൻ സാധിക്കാതെ പോവും.

ഈ പ്രതിസന്ധി മറികടക്കാൻ നമ്മൾ ഇതുവരെ പിന്തുടർന്ന രോഗപ്രതിരോധമാർഗങ്ങൾ ശക്തമാക്കേണ്ടതുണ്ട് എന്നത് ആവർത്തിച്ചു പറയുകയാണ്. സാമൂഹിക അകലം പാലിക്കാനും കൈകൾ ഇടയ്ക്കിടെ ശുചിയാക്കാനും ശ്രദ്ധിക്കണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം മാസ്‌കുകൾ കൃത്യമായി ധരിക്കുക എന്നതാണ്. പറ്റുകയാണെങ്കിൽ എൻ 95 മാസ്‌കുകൾ തന്നെ ധരിക്കുക. അല്ലെങ്കിൽ ഇന്നലെ പറഞ്ഞതു പോലെ ഡബിൾ മാസ്‌കിങ്ങ് ശീലമാക്കുക.
മാസ്‌കുകൾ ധരിക്കുന്നതിൽ കർശനമായ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അടച്ചിട്ടസ്ഥലങ്ങളിലെ സമ്പർക്കം ഒഴിവാക്കുക എന്നതും ആൾക്കൂട്ടമൊഴിവാക്കുക എന്നതും നിർബന്ധമാണ്. ഇതെല്ലാം വീണ്ടും വീണ്ടും പറയുന്നത്, നിലവിലെ സാഹചര്യത്തിൽ നമ്മുടെ സമൂഹത്തിന്റെ അതിജീവനം ഈ മുൻകരുതലുകളെ അത്രമാത്രം ആശ്രയിച്ചിരിക്കുന്നു എന്നതുകൊണ്ടാണ്.

വാക്‌സിനുകൾ ഈ വൈറസുകളിൽ ഫലപ്രദമാണോ എന്നതാണ് മൂന്നാമത്തെ കാര്യം. ജനിതകവ്യതിയാനം വന്ന വൈറസുകൾക്കെതിരെ പ്രതിരോധശക്തി നൽകാൻ വാക്‌സിനുകൾക്കാകില്ല എന്ന പ്രചാരണം നടക്കുന്നുണ്ട്. അതു ശരിയല്ല. കേരളത്തിൽ കണ്ടെത്തിയതിൽ ഡബിൾ മ്യൂട്ടന്റ് വേരിയന്റിനു മാത്രമാണ് വാക്‌സിനുകളെ മറികടക്കാൻ അല്പമെങ്കിലും ശേഷിയുള്ളതായി കണ്ടെത്തിയത്. മറ്റുള്ളവയെ സംബന്ധിച്ചിടത്തോളം വാക്‌സിനുകൾ ഫലപ്രദമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ട് പരമാവധി ആളുകൾ വാക്‌സിനേറ്റ് ചെയ്യപ്പെടുക എന്നത് തന്നെയാണ് നമ്മുടെ ലക്ഷ്യം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാക്‌സിൻ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട പരാതികൾ ഉയരുന്നുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്തതിനുശേഷം സ്‌ളോട്ട് ലഭിക്കുന്നില്ല എന്ന പ്രശ്‌നം നേരിടുന്നതായിവാർത്തകൾ വരുന്നു. വാക്‌സിന്റെ ദൗർലഭ്യമാണ് അതിന്റെ കാരണം. ഇപ്പോൾ നമ്മുടെ കയ്യിൽ 3, 68,840 ഡോസ് വാക്‌സിൻ മാത്രമാണ് ഉള്ളത്. ഈ സാഹചര്യം മൂലമാണ് കേന്ദ്രത്തോട് 50 ലക്ഷം ഡോസ് വാക്‌സിൻ ഒറ്റയടിക്ക് തരണമെന്ന് ആവശ്യപ്പെടുന്നത്. പുതിയ വാക്‌സിൻ പോളിസി കേന്ദ്രം നടപ്പിലാക്കുന്നതിനു മുൻപ് തന്നെ നമ്മൾ അതാവശ്യപ്പെടുന്നുണ്ടായിരുന്നു.

എന്തിനാണ് ഇത്രയധികം വാക്‌സിനുകൾ ഒരുമിച്ച് എന്നൊരു ചോദ്യം പലരും ചോദിക്കുന്നുണ്ട്. ഒന്നോ രണ്ടോ ദിവസത്തേയ്ക്കുള്ള കണക്കു വച്ച് ലഭ്യമായാൽ മതിയല്ലോ എന്നാണ് അവർ ധരിച്ചു വച്ചിരിക്കുന്നത്.

അവിടെയാണ് സ്ളോട്ടുകൾ അനുവദിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നം ഉയരുന്നത്. നിലവിൽ വാക്‌സിനുയരുന്ന ഡിമാന്റനുസരിച്ച് കുറേ ദിവസങ്ങൾ മുൻകൂട്ടി സ്‌ളോട്ടുകൾ അനുവദിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ പരമാവധി വാക്‌സിൻ സ്‌റ്റോക്കിൽ ഉണ്ടാവുകയും സ്‌ളോട്ടനുവദിക്കുന്ന കേന്ദ്രങ്ങളിൽ അതു ലഭ്യമാകുമെന്ന് ഉറപ്പു വരുത്തുകയും വേണം. പക്ഷേ, വാക്‌സിൻ ആവശ്യത്തിന് സ്‌റ്റോക്ക് ഇല്ലാത്തതിനാൽ ഇതു സാധ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളത്.

നിലവിൽ വാക്‌സിൻ ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസത്തേക്കുള്ള വാക്‌സിൻ തൊട്ടുമുൻപുള്ള ദിവസമാണ് ഷെഡ്യൂൾ ചെയ്യാൻ കഴിയുന്നത്. ആ രീതിയിൽ അടുത്ത ദിവസത്തേക്കുള്ള സ്‌ളോട്ടുകൾ ഇന്നു രജിസ്‌ട്രേഷനായി അനുവദിക്കുമ്പോൾ അല്പ സമയത്തിനുള്ളിൽ തീരുകയാണ്. ആ ദിവസം അതിനു ശേഷം വെബ്‌സൈറ്റിൽ കയറുന്ന ആളുകൾക്ക് അടുത്ത ദിവസങ്ങളിലൊന്നും സ്‌ളോട്ടുകൾ കാണാൻ സാധിക്കില്ല. അതിന്റെ അർഥം തുടർന്നുള്ള ദിവസങ്ങളിൽ ലഭ്യമല്ല എന്നല്ല. അടുത്ത ദിവസം നോക്കിയാൽ വീണ്ടും സ്‌ളോട്ടുകൾ ലഭിക്കാൻ സാധ്യതയുണ്ട്. വാക്‌സിൻ ദൗർലഭ്യം പരിഹരിച്ച് കുറച്ചധികം ദിവസങ്ങളിലേയ്ക്കുള്ള സ്‌ളോട്ടുകൾ ഷെഡ്യൂൾ ചെയ്തു വയ്ക്കാൻ സാധിച്ചാൽ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയൂ. അതിനാവശ്യമായ ശ്രമങ്ങൾ സർക്കാർ നടത്തി വരികയാണ്.

നിലവിലുള്ള സാഹഹര്യത്തിന്റെ ഗൗരവം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ ദിവസം പൂരം ആഘോഷം വലിയ തോതിൽ നിയന്ത്രിച്ചത് ഒരുദാഹരണമാണ്. എടത്വാ സെന്റ് ജോർജ്ജ് ഫൊറോനപള്ളി തിരുനാൾ ഉപേക്ഷിച്ചതായി വികാരി ഫാ. മാത്യു ചൂരവടിഅറിയിച്ചിട്ടുണ്ട്. 212 വർഷത്തിനിടയിൽ ആദ്യമായാണ് പെരുനാൾ ഉപേക്ഷിക്കുന്നത്. ഈ ജാഗ്രത എല്ലാവരും കാണിക്കേണ്ടതുണ്ട്.

വോട്ടെണ്ണൽ ദിവസം പോളിംഗ് ഏജന്റുമാർക്ക് ആർ ടി പി സി ആർ ടെസ്റ്റ് എന്ന് തീരുമാനിച്ചിരുന്നു. തലേ ദിവസത്തെ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് റിസൽട്ട് ഉള്ളവരെ പ്രവേശിപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ ആന്റി ജൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരേയും പ്രവേശിപ്പിക്കും എന്ന് തീരുമാനിച്ചിട്ടുണ്ട്.

അതിഥിതൊഴിലാളികൾ താമസിക്കുന്ന ചില സ്ഥലങ്ങളിൽ കോവിഡ് സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാനായി സബ്ബ് ഡിവിഷൻ തലത്തിൽ ഡിവൈ.എസ്.പിമാരെ ചുമതലപ്പെടുത്തി. ഇവർ നേരിട്ട് ഇത്തരം സ്ഥലങ്ങൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തും. അതിഥിതൊഴിലാളികൾ കേരളത്തിൽ സുരക്ഷിതരാണെന്നും അവർക്ക് വാക്‌സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും അവരെ ബോധ്യപ്പെടുത്തും.

കോവിഡ് ബാധിത പ്രദേശങ്ങളിൽ അസുഖ ബാധിതരെയും ക്വാറന്റൈനിൽ കഴിയുന്നവരെയും നിരീക്ഷിക്കുന്നതിനും സഹായിക്കുന്നതിനുമായി വനിത ബുളളറ്റ് പട്രോൾ സംഘം തൃശൂർ സിറ്റിയിൽ വിജയകരമായി പ്രവർത്തിച്ചുവരുന്നു. ബോധവത്ക്കരണ പ്രവർത്തനങ്ങളിൽ അവർ മുൻകൈയെടുക്കുന്നുണ്ട്. ഈ സംവിധാനം നാളെ മുതൽ എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന വർക്കെതിരെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്റ്റ്, കേരള പകർച്ചവ്യാധി ഓർഡിനൻസ് എന്നിവ ഉൾപ്പെടെയുളള നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കും. സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകൾ നിരന്തര നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നതിന് പോലീസ് ആസ്ഥാനത്തെ സ്‌റ്റേറ്റ് പോലീസ് മീഡിയ സെന്റർ, സോഷ്യൽ മീഡിയ സെൽ എന്നിവയ്ക്ക് നിർദ്ദേശം നൽകി.

നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമലംഘകരെ കണ്ടെത്തുന്നതിന് ഡ്രോൺ നിരീക്ഷണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുളളിൽ മാസ്‌ക് ധരിക്കാത്ത 20,214 പേർക്കെതിരെയാണ് സംസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ ഇത് 15,011 ആയിരുന്നു. സാമൂഹിക അകലം പാലിക്കാത്തതിന് 8,132 കേസുകളും രജിസ്റ്റർ ചെയ്തു. ഇന്നലെ ഇത് 5,862 ആയിരുന്നു. 55,63,600 രൂപയാണ് ഒരു ദിവസം കൊണ്ട് പിഴയായി ഈടാക്കിയത്.

തന്റെ അശ്രദ്ധ കൊണ്ടാണ് അമ്മ മരണപ്പെട്ടതെന്ന് പറഞ്ഞ് ആശുപത്രിയിൽ വച്ച് വിലപിക്കുന്ന ഒരു യുവാവിനെ കാണേണ്ടി വന്ന ദു:ഖഭരിതമായ അനുഭവത്തെക്കുറിച്ച് ഒരാൾ എഴുതിയ സോഷ്യൽ മീഡിയ പോസ്റ്റ് വായിക്കാനിടയായി. അത്തരമൊരു അവസ്ഥ അവനവനുണ്ടാകുന്നത് എല്ലാവരും ഒന്നാലോചിച്ചു നോക്കൂ. സ്വന്തം ജാഗ്രതക്കുറവ് കാരണം ഏറ്റവും പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെടുന്നതിൽ കവിഞ്ഞ് വലിയ വേദന എന്താണുള്ളത്. അത് കുറ്റബോധമായി ജീവിതകാലം മുഴുവൻ വേടയാടേണ്ടി വരുന്നു. അതു സംഭവിക്കില്ല എന്നു നമ്മൾ ഓരോരുത്തരും ഉറപ്പു വരുത്തണം.

മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടായ പോലെ ലോക്ക്ഡൗണിലേയ്ക്ക് പോകുന്ന സാഹചര്യം ഇവിടേയും ഉടലെടുക്കാതിരിക്കണമെങ്കിൽ, അത്രയധികംശ്രദ്ധ നമ്മൾ പുലർത്തേണ്ടതായി വരും. ജീവനൊപ്പം ജീവനോപാധികൾ കൂടെ സംരക്ഷിക്കുന്നതിനായി ആണ് നമ്മൾ ഇപ്പോൾ ശ്രമിക്കുന്നത്. പക്ഷേ, അതിനു നാടിന്റെ പരിപൂർണമായ സഹകരണം ആവശ്യമാണ്. വിവാഹം ഉൾപ്പെടെയുള്ള പരിപാടികൾ സർക്കാർ അനുവദിച്ച പരമാവധി ആളുകളെ വച്ച് നടത്തിയാലോ എന്നല്ല, മറിച്ച്, അതു തൽക്കാലം മാറ്റി വയ്ച്ചാലോ എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്. നമ്മൾ ആഹ്‌ളാദപൂർവം നടത്തുന്ന കാര്യങ്ങൾ ദുരന്തങ്ങൾക്കിടയാക്കുന്ന സന്ദർഭങ്ങളായി മാറുന്നത് അനുചിതമാണെന്ന് മനസ്സിലാക്കണം. നിലവിലെ സാഹചര്യത്തിൽ ആളുകൾ കൂടുന്ന പരിപാടികൾ എല്ലാം ഒഴിവാക്കാൻ നാം തയ്യാറാകണം.

കഴിഞ്ഞ ദിവസം പറഞ്ഞ പോലെ ഈ പ്രതിരോധത്തിന്റെ നായകത്വം നമ്മുടെ സമൂഹം, ജനങ്ങൾ ആണ് ഏറ്റെടുക്കേണ്ടത്. സംരക്ഷിക്കേണ്ടത് മനുഷ്യരുടെ ജീവനാണ് എന്ന ഉത്തമബോധ്യം നമുക്ക് വേണം. ഇനിയും അതിനു തയ്യാറായില്ലെങ്കിൽ വലിയ വിപത്താണ് നമ്മൾ ഉടനടി നേരിടേണ്ടി വരിക. മറ്റു സംസ്ഥാനങ്ങളിലെ കാഴ്ചകൾ നിങ്ങൾ കാണുന്നില്ലേ. അതിവിടേയും ആവർത്തിക്കണമോ എന്നു ചിന്തിക്കുക. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രവർത്തിക്കാനുള്ള പക്വത കാണിക്കണം. അതിനാവശ്യമായ പൗരബോധം കൈമുതലായുള്ള സമൂഹമാണ് നമ്മുടേത്. നമുക്കതിനു സാധിക്കും എന്നത് സുനിശ്ചിതമാണ്.