ബര്‍ഖാ ദത്തിന് കേരള മീഡിയ അക്കാദമി ദേശീയ മാധ്യമ പ്രതിഭാപുരസ്‌കാരം

0
70

പ്രശസ്ത ടി വി ജേണലിസ്റ്റ് ബര്‍ഖാ ദത്തിന് കേരള മീഡിയ അക്കാദമിയുടെ 2020ലെ ദേശീയ മാധ്യമ പ്രതിഭാ പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും ഉള്‍ക്കൊളളുതാണ് അവാര്‍ഡ്. കൊവിഡ് കാലത്തെ ധീര മാധ്യമ പ്രവര്‍ത്തനമാണ് ബര്‍ഖ ദത്തിനെ അംഗീകാരത്തിന് അര്‍ഹയാക്കിയതെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു. മഹാമാരിയുടെ ഒന്നാം തരംഗം ഇന്ത്യയില്‍ വീശിയടിച്ചപ്പോള്‍ ജമ്മുകശ്മീര്‍ മുതല്‍ കേരളം വരെ റോഡു മാര്‍ഗം സഞ്ചരിച്ച് മീഡിയ ടീമിനെ നയിച്ച് നൂറിലധികം ദിവസം അവര്‍ നടത്തിയ മാധ്യമപ്രവര്‍ത്തനം ലോകത്തിന് തന്നെ പുതു അനുഭവം നല്‍കുന്നതാണെന്ന് ജൂറി വിലയിരുത്തി.

കൊവിഡിന്റെ തീഷ്ണതയില്‍ സ്വന്തം ജീവനെപ്പോലും തൃണവത്ഗണിച്ചായിരുന്നു അവരുടെ മാധ്യമയാത്ര. കുടിയേറ്റ തൊഴിലാളികളുടെ പലായനം ഉള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ അവര്‍ക്കൊപ്പം സഞ്ചരിച്ച് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അത് ഖണ്ഡിക്കാന്‍ ഭരണകൂടത്തിന് കഴിയാതെ വന്നു. സുപ്രീം കോടതി ഇടപെടലുകള്‍ക്കും ആ റിപ്പോര്‍ട്ടുകള്‍ കാരണമായി.

കൊവിഡ് കാലത്ത് ബര്‍ഖ ദത്ത് നടത്തിയ മാധ്യമപ്രവര്‍ത്തനം അസാധാരണവും മാതൃകാപരവുമാണെന്ന് തോമസ് ജേക്കബ് ചെയര്‍മാനും ഡോ.സെബാസ്റ്റിയന്‍ പോള്‍, എം.പി.അച്യുതന്‍, കെ.വി.സുധാകരന്‍, ഡോ.നീതു സോന, ഡോ.മീന ടി പിളള എന്നിവര്‍ അംഗങ്ങളുമായ ജൂറി വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് ബര്‍ഖ ദത്തിന് സമ്മാനിക്കും. 49കാരിയായ ബര്‍ഖ ദത്തിന് പത്മശ്രീ ഉള്‍പ്പെടെയുളള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.