പിണറായി അല്ലാതെ മറ്റാര്, അതെ കേരളമാണ് റോൾ മോഡൽ, മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കന്നഡ സൂപ്പർതാരം

0
70

കോവിഡുമായി ബന്ധപ്പെട്ട എല്ലാ ചികിത്സയും വാക്സിനും പരിപൂർണ സൗജന്യമാക്കിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മുക്തകണ്ഠം അഭിനന്ദിച്ച് കന്നഡ സിനിമയിലെ സൂപ്പർതാരം ചേതൻ. രാജ്യമൊട്ടുക്ക് ഓക്സിജൻ കിട്ടാതെ ജനങ്ങൾ വലയുമ്പോൾ കേരളം ഇന്ത്യക്കാകെ വഴികാട്ടുകയാണ്. കർണാടകത്തിനും ഗോവക്കും തമിഴ്‌നാടിനും പ്രാണവായു നൽകുന്ന കേരള മോഡലാണ് റോൾ മോഡലെന്ന് ചേതൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഒന്നാം ഘട്ടത്തിലെ അനുഭവങ്ങൾ പകർന്ന ചില പാഠങ്ങൾ പ്രധാനമായിരുന്നു. രോഗബാധിതർക്ക് ചികിത്സയുടെ ഭാഗമായി ഓക്സിജൻ നൽകേണ്ടിവരും എന്ന തിരിച്ചറിവായിരുന്നു അതിലൊന്ന്. ജനങ്ങളോട് പ്രതിബദ്ധതയും കരുതലുമുള്ള ഒരു സർക്കാർ കേരളത്തിൽ അത് ഭംഗിയായി നിർവഹിച്ചു. ഈ മാതൃകയാണ് നമ്മളും രാജ്യവും പിന്തുടരേണ്ടത്. 2020 ലെ കോവിഡ് കാലത്തിൽനിന്നും പഠിച്ച കേരളം ഒരു വർഷം പിന്നിട്ടപ്പോൾ സ്വന്തമായി ഓക്സിജൻ ഉൽപ്പാദിപ്പിച്ചു. അധികം വരുന്നവ സഹോദര സംസ്ഥാനങ്ങൾക്ക് കൈമാറുകയും ചെയ്തു. അതെ ഇതാണ് കേരളം മോഡൽ; യഥാർത്ഥ റോൾ മോഡൽ- ചേതൻ കുറിപ്പിൽ പറഞ്ഞു.

കൊറോണ വ്യാപനത്തിന്റെ കെടുതികൾ അഭിമുഖീകരിക്കുന്നതിലും കേരളം വഴികാട്ടുകയാണ്‌. മോഡി ഇല്ലെങ്കിൽ ആര് എന്ന് കർണാടകത്തിന്റെ പല ഭാഗങ്ങളിൽ ജനങ്ങൾ ചോദിക്കുന്നത് താൻ കേട്ടിരുന്നു. എന്നാൽ, അതൊന്നുമല്ല, പിണറായി വിജയൻ എന്നൊന്ന് ഗൂഗിളിൽ സെർച്ച് ചെയ്യൂ. ഈ ചോദ്യത്തിനുള്ള ഉത്തരം നിസംശയം ലഭിക്കും എന്ന വരികളോടെയാണ് ചേതൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ചേതൻ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

‘ഇന്ത്യയില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യം ഭീതിതമാണ്. കേരളം തിളങ്ങുന്ന അപവാദവും. 2020ലെ കോവിഡില്‍ നിന്ന് കേരളം പഠിച്ചു. ഓക്‌സിജന്‍ പ്ലാന്‍റുകള്‍ക്കായി പണം ചെലവഴിച്ചു. ഓക്‌സിജന്‍ വിതരണം 58 ശതമാനം വര്‍ധിപ്പിച്ചു. ഇപ്പോള്‍ കര്‍ണാടകയ്ക്കും തമിഴ്‌നാട്ടിനും ഗോവയ്ക്കും ഓക്‌സിജന്‍ നല്‍കുന്നു. കേരള മോഡല്‍ സമം റോള്‍ മോഡല്‍. മോദിയല്ലെങ്കില്‍ പിന്നെയാരാണ്​ എന്ന് ചോദിക്കുന്നവരോട്, പിണറായി വിജയന്‍ എന്ന് ഗൂഗ്ള്‍ ചെയ്തു നോക്കൂ’- ചേതന്‍ കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. 2007 മുതല്‍ കന്നഡ സിനിമകളില്‍ അഭിനയിക്കുന്ന ചേതന്‍ കുമാര്‍ ചേതന്‍ അഹിംസ എന്ന പേരിലും അറിയപ്പെടുന്നു.