‘അതിനൊക്കെ പ്രതികരിക്കാന്‍ പോയാല്…’; വി മുരളീധരന്റെ ആരോപണത്തിന് മറുപടി നല്‍കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

0
121

മെഗാ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുന്നുവെന്നും അവിടങ്ങളില്‍ മനുഷാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നുമുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ആരോപണനത്തിന് മറുപടി നല്‍കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിന്‍ ദൗര്‍ലഭ്യത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി മറ്റേതെങ്കിലും ന്യായങ്ങള്‍ പറയുന്നത് ശരിയായ രീതിയല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. അതിനൊക്കെ പ്രതികരിക്കാന്‍ പോയാൽ ആ പറഞ്ഞതിന്റെ നിലവാരത്തിലാകും താന്‍ പ്രതികരിക്കേണ്ടി വരികയെന്നും അത് അന്തരീക്ഷത്തെ തന്നെ വല്ലാത്ത അവസ്ഥയിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ നമ്മൾ അത്തരം കാര്യങ്ങളിലല്ല ശ്രദ്ധിക്കേണ്ടത്.

ആളുകള്‍ ഒത്തുചേര്‍ന്നുകൊണ്ട് ഇതിനെ എങ്ങനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ആലോചിക്കേണ്ടത്. വാക്സിനേഷന്‍ ഏറ്റവും പ്രധാനമാണെന്നത് എല്ലാവര്‍ക്കും മനസിലാക്കാന്‍ കഴിയുന്ന കാര്യമാണ്. വാക്സിന്റെ കാര്യത്തില്‍ ചിലര്‍ നേരത്തെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. അവര്‍ പോലും ഇപ്പോള്‍ ആ എതിര്‍പ്പ് പരസ്യമായി രേഖപ്പെടുത്താന്‍ മടിച്ചുനില്‍ക്കുകയാണ്.
കാരണം വാക്സിനേഷന്‍ വളരെ ഫലപ്രദമാണ് എന്ന് കണ്ടിട്ടുണ്ട്.

അപ്പോള്‍ വാക്സിനേഷന്‍ നടത്തുന്നതിനായി ആളുകള്‍ വലിയ തോതില്‍ മുന്നോട്ട് വരും. അതിനായി ചെറുതും വലുതുമായ കേന്ദ്രങ്ങളുണ്ട്. അത്തരം കേന്ദ്രങ്ങളില്‍ ആളുകള്‍ തിരക്കുക്കൂട്ടി എത്തുന്നുണ്ടെന്നത് ശരിയാണ്. നമുക്ക് അവരെയെല്ലാം വാക്സിനേറ്റ് ചെയ്യാൻ സാധിക്കുമായിരുന്നു. പക്ഷെ ആവശ്യത്തിന് സര്‍ക്കാരിന്റെ കൈയ്യില്‍ വാക്സിന്‍ സ്റ്റോക്കില്ല എന്നതാണ് പ്രധാനപ്രശ്നം. അതിൽ നിന്നെല്ലാം ശ്രദ്ധ തിരിച്ചുവിടാൻ മറ്റേതെങ്കിലും ചില ന്യായങ്ങൾ പറയുക എന്നത് ശരിയായ രീതിയല്ല- മുഖ്യമന്ത്രി വ്യക്തമാക്കി