പ്രാണവായു ഇല്ലാതെ ഇന്ത്യ : മോദിയെ രൂക്ഷമായി വിമർശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ

0
76

ഇന്ത്യയിലെ കോവിഡ് വ്യാപനം ഇത്രയും വഷളാക്കിയതിൽ മോഡി സർക്കാരിന്റെ പിടിപ്പുകേട് തുറന്നുകാട്ടി വിദേശ മാധ്യമങ്ങൾ.

ദി ഗാർഡിയൻ, വാൾ സ്ട്രീറ്റ് ജേണൽ, ടൈം മാഗസിൻ, ബിബിസി, ദി ഇക്കണോമിസ്റ്റ്, അൽ ജെസീറ, ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, ഫിനാൻഷ്യൽ ടൈംസ്, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളെല്ലാം ബിജെപി സർക്കാരിനെ പരസ്യമായി വിമർശിച്ച് രംഗത്ത് വന്നു.

പിടിപ്പുകേടുകൾ തുടർന്നാൽ ചരിത്രം മോഡിയെ പൊതുജനാരോഗ്യത്തെ വിനാശത്തിലേക്ക് നയിച്ച ആൾ എന്ന് വിലയിരുത്തുമെന്നും മാധ്യമങ്ങൾ ഓർമപ്പെടുത്തി.

ദി ഗാർഡിയൻ

ഇന്ത്യൻ പ്രധാനമന്ത്രിയുടെ അമിത ആത്മവിശ്വാസം രാജ്യത്തെ വിനാശകരമായ സ്ഥിതിയിലേക്ക് എത്തിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ദി ഗാർഡിയൻ എഡിറ്റോറിയൽ എഴുതി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ മോഡിയെ ഡോണൾഡ് ട്രംപിനോടാണ് ഉപമിക്കുന്നത്.

ഇന്ത്യയെ ഫാർമ ഹബ്ബാക്കാൻ വിദേശ രാജ്യങ്ങൾ സഹായിച്ചെങ്കിലും അത് കൃത്യമായി ഉപയോഗിച്ചില്ല. മോഡിയുടെ അമിത ആത്മവിശ്വാസവും വിനയായി.തന്റെ കുഴപ്പങ്ങൾ പരിഹരിക്കാൻ മോഡി സംസ്ഥാന സർക്കാരുകളോടാണ് ആവശ്യപ്പെടുന്നത്.

ടൈം മാസിക

ഇത് നരകമാണ് എന്ന തലക്കെട്ടിലാണ് ഇന്ത്യയുടെ കോവിഡ് പ്രതിസന്ധിയിലേക്ക് നയിച്ച മോഡിയുടെ വീഴ്ചകളെക്കുറിച്ച് ടൈം മാസിക ലേഖനം പ്രസിദ്ധീകരിച്ചത്. കോവിഡിന്റെ രണ്ടാം തരംഗത്തിനിടയിലും ബിജെപി നേതൃത്വവും സർക്കാരുകളും കുംഭമേള നടത്താൻ ആഹ്വാനം ചെയ്തു.

ഓക്‌സിജൻ ഉൽപ്പാദനം വർധിപ്പിക്കാൻ സ്വീകരിച്ചില്ല. മരണം മറച്ചുവയ്ക്കുന്നുവെന്ന് തെളിവ് സഹിതം ലേഖനം തുറന്നു കാട്ടുന്നു.130 കോടി ജനങ്ങളുടെ സേവകൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന എന്നാൽ, ഒരു ക്രിമിനലിനെപ്പോലെ തന്റെ കടമകൾ ഉപേക്ഷിച്ച മോഡിക്കാണ് രാജ്യത്തിന്റെ ഈ അവസ്ഥയുടെ ഉത്തരവാദിത്തം.

ദി ടൈംസ്

രണ്ടാം തരംഗത്തെ വിലകുറച്ചു കണ്ട മോഡിയുടെ അലംഭാവവും നിഷേധ സമീപനവും വിനയായി. മോഡി രാജ്യത്തെ കോവിഡ് പ്രതിസന്ധിയിലേക്ക് തള്ളി വിടുകയായിരുന്നുവെന്നും ടൈംസ് വിമർശിച്ചു.സർക്കാരിൽ നിന്നുണ്ടായ നിരന്തരമായ വീഴ്ചകൾ ഇന്ത്യയിൽ കോവിഡ് സുനാമിയിലേക്ക് വഴിവച്ചു. ബംഗാളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ റാലിയെ മോഡി തന്നെ അഭിനന്ദിച്ചതും പത്രം എടുത്തുപറയുന്നു.

ഫിനാൻഷ്യൽ ടൈംസ്

തയ്യാറെടുപ്പുകളുടെ അലംഭാവമാണ് ഈ വിനാശകരമായ സാഹചര്യത്തിലേക്ക് നയിച്ചത്. ഇത് ആരോഗ്യ പ്രതിസന്ധിക്കും ഇന്ത്യയിൽ മനുഷ്യ ദുരന്തത്തിനും ഇടയാക്കി.

വാഷിങ്ടൺ പോസ്റ്റ്

നിയന്ത്രണങ്ങളിൽ വേഗത്തിൽ ഇളവ് നൽകിയതും ഇഴഞ്ഞ് നീങ്ങുന്ന വാക്‌സിനേഷൻ ക്യാമ്പെയ്നും സ്ഥിതി മോശമാക്കി. വിവിധ സംസ്ഥാനങ്ങളിൽ വാക്‌സിൻ ക്ഷാമത്തെക്കുറിച്ചും പത്രം ചൂണ്ടിക്കാട്ടുന്നു.