തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ച് ഇന്ന് പൂരം വിളംബര ചടങ്ങ് നടക്കും. രാവിലെ പതിനൊന്നോടെ നെയ്തലക്കാവ് ഭഗവതി തെക്കേഗോപുര നട തള്ളി തുറക്കുന്നതോടെ 36 മണിക്കൂർ നീണ്ടു നിൽക്കുന്ന പൂരത്തിന് തുടക്കമാകും.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പകരം എറണാകുളം ശിവകുമാറാണ് ഇത്തവണ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുന്നത്. കൊച്ചി രാജവംശത്തിന് നെയ്തലക്കാവ് ക്ഷേത്രവുമായുള്ള ആത്മബന്ധമാണ് ഈ ചടങ്ങിന്റെ ആധാരം.
ഇന്നലെ നെയ്തലക്കാവ് ക്ഷേത്രത്തിലേക്കുള്ള പാസ്സ് വിതരണത്തെക്കുറിച്ച് ആദ്യം ആശയക്കുഴപ്പം നിലനിന്നിരുന്നു. കൊവിഡ് പരിശോധനാഫലം വൈകിയതിനാൽ രാത്രി വൈകിയും മൂന്ന് പേർക്ക് മാത്രമേ പാസ്സ് കിട്ടിയിരുന്നുള്ളൂ.
പൂരത്തോടനുബന്ധിച്ച് തൃശ്ശൂർ നഗരവും പരിസരവും ഇന്ന് വൈകീട്ട് മുതൽ പൂർണമായി പൊലീസ് നിയന്ത്രണത്തിലാകും. 2000 പൊലീസുകാരെയാണ് സുരക്ഷയ്ക്കും പാസ് പരിശോധനയ്ക്കുമായി വിന്യസിച്ചിരിക്കുന്നത്.
പൊലീസിന്റെ പൂർണ നിയന്ത്രണത്തിലാകും തൃശ്ശൂർ പൂരം നടത്തിപ്പ്. സ്വരാജ് റൗണ്ടിലേക്കുളള 19 വഴികളും അടയ്ക്കും. 8 വഴികളിലൂടെ മാത്രമെ പാസ്സുള്ളവർക്ക് പ്രവേശനമുള്ളൂ. പൊതുജനങ്ങൾക്ക് പൂരപ്പറമ്പിലേക്ക് പ്രവേശനമില്ല.