അനധികൃത നിർമാണക്കേസിൽ നിന്ന് രക്ഷപ്പെടാൻ കെ എം ഷാജി എംഎൽഎ ആഡംബര വീടിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി. വീടിനോട് ചേർന്നും ഓപ്പൺ ടെറസിലും ഷീറ്റിട്ട് നിർമിച്ച ഭാഗങ്ങളാണ് പൊളിച്ചുമാറ്റിയത്. നിർമാണം ക്രമപ്പെടുത്താനുള്ള അപേക്ഷയിൽ കോർപറേഷൻ നടപടി സ്വീകരിക്കുന്നതിനിടെയാണിത്. 500 ചതുരശ്ര അടിയോളം ഭാഗമാണ് കുറച്ചത്.
മാലൂർകുന്നിൽ 3200 ചതുരശ്ര അടി വിസ്‌തീർണമുള്ള വീട് നിർമിക്കാനായിരുന്നു മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയുടെ ഭാര്യ കെ എം ആശ കോർപറേഷനിൽ അനുമതിതേടിയത്. നിർമിച്ചതാകട്ടെ 5420 ചതുരശ്ര അടി വലുപ്പത്തിലുള്ള കൂറ്റൻ ബംഗ്ലാവും.
വീട് നിർമിച്ചശേഷം പ്ലാൻ പുതുക്കി നൽകുകയോ നികുതി അടയ്‌ക്കുകയോ ചെയ്‌തില്ല. തുടർന്ന് വീട് പൊളിച്ചുമാറ്റാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു. പ്ലാനിൽ ഇല്ലാത്ത ഭാഗങ്ങൾ നികുതിയടച്ച് ക്രമപ്പെടുത്താനും പിഴയടയ്‌ക്കാനും തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു ഇത്.
നിർമിച്ചതുമുതലുള്ള നികുതിയും പിഴയുമൊടുക്കേണ്ടിവരുമെന്നതിനാലാണ് വീടിന്റെ അളവ് കുറക്കുക എന്ന തീരുമാനത്തിലേക്ക്‌ഷാജി തിരിഞ്ഞത്. വീടിന്റെ ഓപ്പൺ ടെറസിൽ അലുമിനിയം ഷീറ്റിന്റെ മേൽക്കൂരയുള്ള ഭാഗങ്ങൾ ഒഴിവാക്കി. വീടിന് സമീപത്തായി ഷീറ്റിട്ട് നിർമിച്ച മറ്റൊരു ഭാഗവും പൊളിച്ചു. സ്‌റ്റീൽ പൈപ്പുകൾ ഉപയോഗിച്ചുള്ള നിർമിതിയും ഒഴിവാക്കി.
അളവ് കുറച്ചെന്നുകാണിച്ച് നികുതിയും പിഴയും അടയ്‌ക്കുന്നതിൽനിന്ന് തടിയൂരാനാണ് എംഎൽഎ ലക്ഷ്യമിടുന്നതെന്നാണ് സംശയം. തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു പൊളിച്ചുമാറ്റൽ.
വിജിലൻസ് അന്വേഷണസംഘം എത്തുംമുമ്പ് വീടിന്റെ വിസ്‌തീർണം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്നാണ് സൂചന. അളവ് കുറച്ചതായി കാണിച്ചുള്ള പ്ലാൻ മാത്രമാണ് ഷാജി നൽകിയത്. കൃത്യമായ അളവ് കാണിച്ചുള്ള കാൽക്കുലേഷൻ സ്‌കെച്ച് നൽകണമെന്നാണ് കോർപറേഷൻ എൻജിനിയറിങ് വിഭാഗം നൽകിയ നിർദേശം.
സമയം കഴിയുന്നു; ഇനിയും രേഖയില്ല
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് നൽകിയ സമയപരിധി വ്യാഴാഴ്‌ച അവസാനിക്കുമ്പോഴും രേഖകൾ ഹാജരാക്കാതെ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎ. കോടതി നിർദേശപ്രകാരം പ്രാഥമികാന്വേഷണം നടത്തി കേസെടുത്തതിനെ തുടർന്ന് നടത്തിയ റെയ്‌ഡിൽ അരക്കോടിയോളം രൂപ ഷാജിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്തിരുന്നു. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകളും വീടിന്റെയും മറ്റ് സ്വത്തുക്കളുടെയും വിവരങ്ങളുമാണ് ഹാജരാക്കാൻ നിർദേശിച്ചത്.
കഴിഞ്ഞ ദിവസം ഷാജിയെ വിജിലൻസ് സംഘം ആറ് മണിക്കൂർ ചോദ്യംചെയ്‌തിരുന്നു. ചോദ്യംചെയ്യലിന് എത്തുമ്പോൾ രേഖകൾ കൊണ്ടുവരണമെന്ന നിർദേശവും പാലിച്ചില്ല. തെരഞ്ഞെടുപ്പിന് പണം പിരിക്കാൻ തീരുമാനിച്ചതായുള്ള യോഗതീരുമാനത്തിന്റെ മിനിട്‌സ് പകർപ്പ് മാത്രമാണ് കൊണ്ടുവന്നത്. ഇത് രേഖയായി അംഗീകരിക്കാനാകില്ലെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.