Sunday
11 January 2026
24.8 C
Kerala
HomeKeralaകൊവിഡ് വാക്സിനേഷന് മാർഗനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

കൊവിഡ് വാക്സിനേഷന് മാർഗനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്റെ ആസൂത്രണത്തിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് ആറ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പുതിയ കേസുകൾ ആശങ്കാജനകമായി കൂടി വരുന്ന സാഹചര്യത്തിൽ പല വാക്‌സിനേഷൻ കേന്ദ്രങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്.

പൊതുജനങ്ങൾക്കിടയിൽ വാക്സിനേഷൻ ലഭ്യതയെക്കുറിച്ചുള്ള ആശങ്കയും ശക്തമാണ്. ഇതൊഴിവാക്കാനാണ് വാക്‌സിനേഷൻ സെഷനുകൾ നടത്തുന്നതിന് മാർഗനിർദേശം പുറപ്പെടുവിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

1. ഏപ്രിൽ 22 മുതൽ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകൾ മുൻകൂട്ടിയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ വഴി മാത്രമായിരിക്കും ലഭ്യമാകുക. സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടാവുകയില്ല. ക്യൂ ഒഴിവാക്കാനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ കൊവിഡ് വാക്‌സിനേഷൻ സെന്ററുകളിൽ ടോക്കൺ വിതരണം ചെയ്യുകയുള്ളൂ.

2. കൊവിഡ് വാക്‌സിനേഷനുള്ള മുൻഗണനാ പട്ടികയിലുള്ളവർക്ക് സർക്കാർ വകുപ്പുകൾ, അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ മുഖേന രജിസ്‌ട്രേഷൻ നടത്തുന്നതിന് ജില്ലകൾ മുൻകൈയെടുക്കേണ്ടതാണ്.

3. സർക്കാർ, സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വാക്‌സിൻ ലഭ്യതയെ അടിസ്ഥാനമാക്കി കൊവിൻ വെബ്‌സൈറ്റിൽ സെഷനുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യുന്നുവെന്ന് ജില്ലകൾ ഉറപ്പുവരുത്തേണ്ടതാണ്.

4. വാക്‌സിനേഷൻ സെഷനുകളിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കണം. വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. കൈകൾ ശുചിയാക്കാൻ സാനിറ്റൈസർ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാക്കണം.

5. അതാത് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ കൊവിഷീൽഡിന്റേയും കൊവാക്‌സിന്റേയും ലഭ്യതയനുസരിച്ച് ആസൂത്രണം ചെയ്യുകയും ആ വിവരം പൊതുജനങ്ങളെ അറിയിക്കുകയും വേണം.

6. 45 വയസിന് മുകളിലുള്ള പൗരൻമാർക്ക് ഒന്നാമത്തേയും രണ്ടാമത്തേയും കൊവിഡ് വാക്‌സിൻ സമയബന്ധിതമായി നൽകണം. ഒന്നാം ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കും രണ്ടാം ഡോസ് നൽകണം.

RELATED ARTICLES

Most Popular

Recent Comments