കേരളം ആവശ്യപ്പെട്ട ഡോസ് കോവിഡ് വാക്‌സിൻ സൗജന്യമായി നൽകണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവൻ ആവശ്യപ്പെട്ടു. 50 ലക്ഷം ഡോസ് ആവശ്യപ്പെട്ടതിൽ അഞ്ചര ലക്ഷം മാത്രമാണ് ഇതുവരെ നൽകിയത്. വാക്‌സിൻ കിട്ടാത്തതുമൂലം കേരളം കടുത്ത പ്രയാസം നേരിടുകയാണ്. സംസ്ഥാനം സ്വന്തം നിലയ്‌ക്ക് വാക്‌സിൻ വാങ്ങണമെന്ന നിലപാട് കനത്ത സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കും.
വാക്‌സിൻ ക്ഷാമം രൂക്ഷമായിട്ടും കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. കോവിഡ് പടർന്ന് പിടിക്കുമ്പോഴും കൊള്ളയ്‌ക്ക് അവസരം തേടുകയാണ് കേന്ദ്ര സർക്കാർ. വാക്‌സിൻ നയം മാറ്റം ഇതിന് തെളിവാണ്. വാക്‌സിൻ കയറ്റുമതിയിലൂടെ ലാഭം നേടാനാണ് ശ്രമം. വാക്‌സിൻ ഉത്‌പാദനത്തിന്റെ അമ്പത് ശതമാനം കൈവശമാക്കി കയറ്റുമതി ചെയ്യാനാണ് കേന്ദ്ര സർക്കാർ നീക്കം.
ഡോസിന് 150 രൂപയ്‌ക്ക് കേന്ദ്രത്തിന് തുടർന്നും വാക്‌സിൻ കിട്ടും. അത് കയറ്റുമതി ചെയ്യും. കമ്പനികൾ നിശ്ചയിക്കുന്ന കൂടിയ വിലയ്‌ക്ക് സംസ്ഥാനങ്ങൾ വാക്‌സിൻ വാങ്ങണമെന്നത് ക്രൂരതയാണ്. കോവിഡ് പ്രതിരോധത്തിന്റെ പൂർണ്ണ ഉത്തരവാദിത്വവും സാമ്പത്തിക ബാധ്യതയും സംസ്ഥാനങ്ങളുടെ ചുമലിൽ കയറ്റിവച്ച് കൈകഴുകാനാണ് കേന്ദ്രസർക്കാർ നീക്കം.
വാക്‌സിൻ ദൗർലഭ്യം മൂലം കേരളീയർ ബുദ്ധിമുട്ടുമ്പോൾ ജനങ്ങളെ പരിഹസിക്കുകയാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഒരു ഡോസ് വാക്‌സിൻ പോലും കേരളത്തിന് അധികം നേടിയെടുക്കാൻ ഈ കേന്ദ്രമന്ത്രിക്ക് കഴിഞ്ഞില്ല. വാക്‌സിൻ സൗജന്യമായി നൽകണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ പിന്തുണയ്‌ക്കാൻ തയ്യാറാകാത്ത മുരളീധരൻ കേരളത്തിന്റെ ശത്രുവാണെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ്.