കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണം – മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

0
70

സംസ്ഥാനങ്ങൾക്കാവശ്യമായ കൊവിഡ് -19 വാക്സിൻ പൂർണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന കോവിഡ് വാക്സിന്റെ അമ്പത് ശതമാനം കേന്ദ്രസർക്കാരിനുള്ളതാണ്. ബാക്കി അമ്പത് ശതമാനമാണ് സംസ്ഥാനങ്ങൾക്കും പൊതു വിപണിയിലേക്കുമായി മാറ്റി വെക്കുന്നത്. ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിറവേറ്റുന്നതിനു സംസ്ഥാനങ്ങൾക്ക് ആവശ്യമായ ക്വാട്ട ഉറപ്പാക്കുകയും മഹാമാരിയുടെ സാഹചര്യത്തിൽ അത് സൗജന്യമായി നൽകുകയും വേണം. സംസ്ഥാനങ്ങൾക്ക് മതിയായ വാക്സിൻ ഉറപ്പാക്കേണ്ടത് പൊതു താല്പര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏപ്രിൽ 19ന് പ്രഖ്യാപിച്ച നയമനുസരിച്ച് വാക്സിൻ നിർമാതാക്കൾ അമ്പത് ശതമാനം കേന്ദ്രസർക്കാരിന് നൽകണം.
ബാക്കി 50 ശതമാനം സംസ്ഥാനങ്ങൾക്കും പൊതു വിപണിയിലുമായി വിതരണം ചെയ്യാൻ നിർമ്മാതാക്കൾക്ക് സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്. നിർമാതാക്കളിൽ നിന്ന് വിലകൊടുത്തു വാങ്ങാനാണ് സംസ്ഥാനങ്ങളോട് പറഞ്ഞിട്ടുള്ളത്. കോവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങൾ ഇപ്പോൾ തന്നെ വലിയ സാമ്പത്തിക ബാധ്യത നേരിടുകയാണ്. ഇന്നത്തെ സാഹചര്യത്തിൽ ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുകയും വേണം. സാമ്പത്തികമാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് അധികബാധ്യത വലിയ പ്രയാസം ഉണ്ടാക്കും.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നീങ്ങേണ്ടതുണ്ട്. 18 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സിൻ നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണ്. പരമാവധി ജനങ്ങൾക്ക് വാക്സിൻ നൽകി സമൂഹ പ്രതിരോധം സൃഷ്ടിക്കുകയാണ് മഹാമാരിയെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ വഴി.

ആവശ്യമായ വാക്സിൻ കിട്ടാത്തതുകൊണ്ട് കേരളം നേരിടുന്ന പ്രയാസം മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. 50 ലക്ഷം ഡോസ് വാക്സിൻ അടിയന്തരമായി നൽകണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ 5.5 ലക്ഷം ഡോസ് വാക്സിൻ മാത്രമാണ് ലഭിച്ചത്. ഇതുകാരണം വാക്സിനേഷനുള്ള സ്പോട്ട് റജിസ്ട്രേഷൻ മുടങ്ങിയിരിക്കുകയാണ്. കേരളം ആവശ്യപ്പെട്ടതിൽ ബാക്കിയുള്ള വാക്സിൻ അടിയന്തരമായി ലഭ്യമാക്കണം.

വാക്സിന്റെ കാര്യത്തിൽ പൊതുവിപണിയിലെ ബിസിനസുകാരോട് മത്സരിക്കാൻ സംസ്ഥാനങ്ങളെ തള്ളിവിടരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കേന്ദ്രസർക്കാർ ചാനൽ എന്നതിന് പകരം കേന്ദ്രവും സംസ്ഥാന സർക്കാരുകളും അടങ്ങുന്ന ഗവൺമെന്റ് ചാനലാണ് വേണ്ടതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.