മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിയിൽ ഓക്സിജൻ ടാങ്കർ ചോർന്നതിനെ തുടർന്ന് പ്രാണവായുകിട്ടാതെ 22 രോഗികൾ മരിച്ചു. നാസിക്കിലെ സാക്കിർ ഹുസൈൻ ആശുപത്രിയിലായിരുന്നു സംഭവം. ടാങ്കർ ചോർച്ചയെ തുടർന്ന് ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണം തടസപ്പെട്ടതാണ് ദുരന്തത്തിന് കാരണമായത്.
അരമണിക്കൂറോളം ഓക്സിജൻ വിതരണം നിലച്ചതോടെ രോഗികൾ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിക്കുകയായിരുന്നു. വെൻറിലേറ്ററിലുള്ള കോവിഡ് രോഗി കളാണ് മരിച്ചത്. കോവിഡ് ആശുപത്രിയായി വേർതിരിച്ച ആശുപത്രിയിൽ വെൻറിലേറ്ററിൽ 150 രോഗികളാണ് ഉണ്ടായിരുന്നത്. ഇവരിൽ 31 പേരെ അടിയന്തരമായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
ആശുപത്രിയിലേക്ക് ഓക്സിജൻ കൊണ്ടുവന്ന ടാങ്കറിലാണ് ചോർച്ചയുണ്ടായത്. ഇതോടെ പ്രദേശമാകെ വെളുത്ത പുകയാൽ മൂടി. വാതകം സമീപ പ്രദേശങ്ങ ളിലേക്ക് പടർന്നതും ആശങ്കയ്ക്കു വഴിവച്ചു. ഫയർഫോഴ്സ് എത്തി ചോർച്ച അടച്ചു.