സംസ്ഥാനത്തെ രാത്രികാല കർഫ്യൂ കർശനമാക്കും, ലംഘിച്ചാൽ കനത്ത പി‍ഴ

0
83

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ ഇന്ന് മുതൽ കർശനമാക്കും. ആദ്യ ദിവസം ബോധവത്ക്കരണമാണ് നടത്തിയതെങ്കിൽ ഇന്ന് മുതൽ കർശന നടപടിയെടുക്കാനാണ് തീരുമാനം.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ ഇന്നലെയാണ് നിലവിൽ വന്നത്. രാത്രി ഒൻപത് മണിക്ക് മുൻപ് തന്നെ കടകൾ അടച്ചുവെങ്കിലും വാഹനങ്ങൾ നിരത്തിലിറങ്ങി.ആദ്യ ദിവസമായതിനാൽ ഇവരെ ബോധവത്ക്കരിക്കുകയാണ് പൊലീസ് ചെയ്തത്.

ഇന്ന് മുതൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കും. അവശ്യ സർവീസ് ഒഴികെ ഒന്നും അനുവദിക്കുകയില്ല. വാഹനങ്ങൾ പിടിച്ചെടുക്കുകയും ആവശ്യമെങ്കിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ്യും. സാഹചര്യം അവലോകനം ചെയ്യാൻ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും.

അത്യാവശ്യ യാത്രയാകാം

അത്യാവശ്യ സേവനങ്ങളായ മെഡിക്കൽ ഷോപ്പ്‌, ആശുപത്രി, പെട്രോൾ പമ്പ്‌, രാത്രി ജോലിക്കാർ, പാൽ, പത്രം, മാധ്യമങ്ങൾ, മാധ്യമപ്രവർത്തകർ, പത്രവിതരണക്കാർ, ആരോഗ്യപ്രവർത്തകർ, ഇലക്‌ട്രീഷ്യൻസ്‌, സാങ്കേതിക വിദഗ്‌ധർ എന്നിവർക്ക്‌ ഇളവുണ്ട്‌. ഇവർ തിരിച്ചറിയൽ കാർഡ്‌ കാണിക്കണം. ആശുപത്രി ഉൾപ്പെടെ അത്യാവശ്യകാര്യത്തിന്‌ പുറത്തിറങ്ങാം. എന്നാൽ, അക്കാര്യം പൊലീസിനെ ബോധ്യപ്പെടുത്തണം.

ഷോപ്പ്‌, മാൾ, സിനിമാ തിയറ്റർ എന്നിവ ഏഴരയ്‌ക്ക്‌ അടയ്‌ക്കണം. ഹോട്ടൽ ഒമ്പതുവരെ പ്രവർത്തിപ്പിക്കാം. എന്നാൽ, പകുതി ആളുകളെ മാത്രമേ ഇരുന്ന്‌ കഴിക്കാൻ അനുവദിക്കൂ. ഓട്ടോയിൽ രണ്ട്‌ യാത്രക്കാരെ മാത്രമേ അനുവദിക്കൂ; ടാക്‌സിയിൽ മൂന്നുപേരും. കുടുംബമാണെങ്കിൽ ഇളവ്‌ നൽകും.

കൂട്ടം കൂടിയാൽ 5000 രൂപ പിഴ

നിയന്ത്രണം ലംഘിച്ചാൽ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കനത്ത പിഴയീടാക്കും. പൊതുപരിപാടിയിൽ തുറസ്സായ സ്ഥലത്ത്‌ 150 പേർക്കും അടച്ചിട്ട മുറിയിൽ 75പേർക്കും പങ്കെടുക്കാനാണ്‌ അനുമതി. നിരോധനം ലംഘിച്ച്‌ പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടിയാൽ 5000 രൂപ പിഴയീടാക്കും.
വിശദ വാർത്ത പേജ്‌ 5

നിയന്ത്രണങ്ങൾ 
ലംഘിച്ചാൽ കനത്ത പിഴ

കോവിഡ്‌ രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത്‌ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക്‌ കനത്ത പിഴ ചുമത്തും. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ്‌ പിഴ ഈടാക്കുക. പൊതുപരിപാടി തുറസ്സായ സ്ഥലത്താണെങ്കിൽ 150 പേർക്കും അടച്ചിട്ട മുറിയിൽ 75പേർക്കും പങ്കെടുക്കാനാണ്‌ അനുമതി. നിരോധനം ലംഘിച്ച്‌ പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടിയാൽ 5000 രൂപ പിഴയീടാക്കാനും സർക്കാർ തീരുമാനിച്ചു.

മറ്റ്‌ വിലക്കുകൾക്കുള്ള പിഴ

● കോവിഡ്‌ ബാധിത സ്ഥലങ്ങളിലേക്ക്‌ അനാവശ്യമായി പ്രവേശിച്ചാൽ 500 രൂപ ● അതിഥിത്തൊഴിലാളികൾക്കുള്ള നിയന്ത്രണങ്ങൾ ലംഘിച്ചാൽ 500 രൂപ ● അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങിയാൽ 2000 രൂപ ● ഹോട്ടലുകളും കടകളും രാത്രി ഒമ്പതിന്‌ അടയ്‌ക്കണം. ഹോട്ടലുകളിൽ പകുതിയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചാൽ 3000 രൂപ ● നിർദേശം ലംഘിച്ച്‌ സ്കൂൾ, ഓഫീസ്‌, മാൾ തുറന്ന് പ്രവർത്തിച്ചാൽ 2000 രൂപ ● നിയന്ത്രണം ലംഘിച്ച്‌ കട, ഫാക്ടറി, വ്യവസായ സ്ഥാപനം, സംരംഭങ്ങൾ തുടങ്ങിയവ തുറന്നുപ്രവർത്തിപ്പിച്ചാൽ- രണ്ടു വർഷംവരെ തടവോ 1000 രൂപ പിഴയോ രണ്ടും കൂടെയോ ● മരണാനന്തരചടങ്ങിന്‌ ഒരു സമയം പരമാവധി 20 പേരിൽ കൂടുതൽ പേർ പങ്കെടുക്കുകയോ അവർ മാസ്ക് ധരിക്കാതിരിക്കുകയോ, സാമൂഹ്യ അകലം പാലിക്കാതിരിക്കുകയോ കോവിഡ് രോഗം സംശയിക്കപ്പെട്ട വ്യക്തിയുടെ സംസ്കാര ചടങ്ങിനുള്ള ചട്ടം ലംഘിക്കുകയോ ചെയ്താൽ 2000 രൂപ ● അനുമതി ഇല്ലാതെ ഗെറ്റ് ടുഗതർ, ധർണ, പ്രതിഷേധം, പ്രകടനങ്ങൾ, മറ്റ് തരത്തിലുള്ള കൂട്ടം ചേരൽ എന്നിവ നടത്തിയാലോ പരമാവധി 10ൽ കൂടുതൽ പേർ പങ്കെടുക്കുകയോ അവർ തമ്മിൽ സാമൂഹ്യ അകലം പാലിക്കാതിരിക്കുകയോ ചെയ്താൽ 3000 രൂപ പിഴ ● കടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഒരു സമയം പരമാവധി 20 പേരിൽ കൂടരുത്. കടയുടമ സാനിറ്റൈസർ നൽകാതെ ഇരുന്നാൽ 3000 രൂപ പിഴ.

രാത്രി കെഎസ്‌ആർടിസി ഹ്രസ്വദൂര സർവീസ്‌ ഇല്ല

രാത്രിയിൽ കെഎസ്‌ആർടിസി ഹ്രസ്വദൂര സർവീസ്‌ കുറയ്‌ക്കും. തിരക്കനുസരിച്ച്‌ ദീർഘദൂര സർവീസുകൾ തുടരും. ടിക്കറ്റ്‌ ഓൺലൈനിലും ലഭിക്കും‌. പതിവ്‌ സർവീസ് പകലുണ്ടാകും. രാവിലെയും വൈകിട്ടുമായിരിക്കും കൂടുതൽ സർവീസ്‌. കണ്ടെയ്‌ൻമെന്റ്‌ സോണിലേക്ക്‌ സർവീസ്‌ നിയന്ത്രിക്കും. നിന്നുള്ള‌ യാത്ര അനുവദിക്കില്ല.

നിലവിൽ ഷോപ്പുകൾ രാത്രി ഒമ്പതുവരെയും തിയറ്ററുകൾ രാത്രി 7.30 വരെയും പ്രവർത്തിക്കുന്നുണ്ട്‌‌. അതുകൊണ്ട്‌ രാത്രി പത്തുവരെ ഹ്രസ്വദൂര സർവീസുണ്ടാകും. ഇടുക്കി, പത്തനംതിട്ട, വയനാട്‌ തുടങ്ങിയ മലയോര ജില്ലകളിലെ സർവീസ്‌ വെട്ടിക്കുറയ്‌ക്കില്ല.‌ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ യാത്രക്കാർ കുറഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ തിങ്കളാഴ്‌ചത്തെ അപേക്ഷിച്ച്‌ ഈ തിങ്കളാഴ്‌ച പ്രതിദിന യാത്രക്കാരുടെ എണ്ണം 15 ലക്ഷത്തിൽനിന്ന്‌ 13 ലക്ഷമായി. പ്രതിദിന വരുമാനം ഒരു കോടി കുറഞ്ഞു.