സംസ്ഥാനത്തിന് അടിയന്തരമായി വാക്‌സിൻ അനുവദിക്കണം: മന്ത്രി കെ കെ ശൈലജ

0
88

സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ അടിയന്തരമായി ഒരുമിച്ച് വാക്‌സിൻ എത്തിക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു. കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്‌സിൻ എത്രയും വേഗം അനുവദിക്കേണ്ടതാണ്. കോവിഡ് വ്യാപനം കുറക്കുന്നതിന് വേണ്ടിയാണ് ക്രഷിംഗ് ദ കർവിന്റെ ഭാഗമായി കൂട്ടപരിശോധനയും മാസ് വാക്‌സിനേഷനും ആരംഭിച്ചത്.

സംസ്ഥാനത്ത് ആകെ 65 ലക്ഷത്തോളം ഡോസ് വാക്‌സിനാണ് ഇതുവരെ എത്തിച്ചത്. പ്രതിദിനം രണ്ട് ലക്ഷത്തിന് മുകളിൽ വാക്‌സിൻ നൽകുന്നുണ്ട്. ഇനി മൂന്ന് ലക്ഷത്തോളം ഡോസ് വാക്‌സിൻ മാത്രമാണുള്ളത്. ഇത് വാക്‌സിനേഷൻ പ്രക്രിയയെ ബാധിക്കുകയാണ്. മാത്രമല്ല 18 വയസിന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ തുടങ്ങുന്നതിനും നിലവിലുള്ളവരുടെ വാക്‌സിനേഷൻ പൂർത്തിയാക്കേണ്ടതാണ്. അതിനാൽ തന്നെ എത്രയും വേഗം കൂടുതൽ വാക്‌സിൻ അനുവദിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 2,02,313 പേർക്കാണ് വാക്‌സിൻ നൽകിയത്. 1100 സർക്കാർ ആശുപത്രികളും 330 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 1,430 വാക്‌സിനേഷൻ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിനേഷൻ നടന്നത്. ഇതുവരെ ആകെ 62,36,676 പേർക്കാണ് വാക്‌സിൻ നൽകിയത്. അതിൽ 54,38,319 പേർക്ക് ആദ്യഡോസ് വാക്‌സിനും 7,98,357 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകിയിട്ടുണ്ട്.

ജനുവരി 16 മുതലാണ് സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചത്. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, 60 വയസിന് മുകളിൽ പ്രായമുളളവർ, 45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗബാധിതർ എന്നിവർക്കാണ് കോവിഡ് വാക്‌സിൻ നേരത്തെ നൽകിയിരുന്നത്. ഇപ്പോൾ 45 വയസിന് മുകളിൽ പ്രായമായ എല്ലാവർക്കുമാണ് വാക്‌സിൻ നൽകുന്നത്.