കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നു. ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതൽ രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ.
കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേരളത്തിലും കർഫ്യൂ ഏർപ്പെടുത്തുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിൻറെ ഭാഗമായി വർക്ക് ഫ്രം ഹോം നടപ്പാക്കും.
സ്വകാര്യ ട്യൂഷൻ സെൻററുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. ഓൺലൈൻ ക്ലാസുകൾ മാത്രമാണ് നടത്തേണ്ടതെന്ന് നിർദേശമുണ്ട്. മാളുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. സിനിമ തീയേറ്ററുകൾ രാത്രി ഏഴ് വരെ മാത്രമേ പ്രവർത്തിക്കാനാകൂ.