അനധികൃത സ്വത്ത് സമ്പാദന കേസ് കെ എം ഷാജിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ പലതിലും ഭാര്യ ആശയുടെ പേര്. ആശയെ ചോദ്യം ചെയ്യുന്നതിനായി വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കും.
ഷാജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളില്‍ ഭൂരിഭാഗവും ആശയുടെ പേരിലുള്ളതെന്ന് വിജിലന്‍സ് പറയുന്നു. ഈ പശ്ചാത്തലത്തിലാണ് ആശയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ഒരുങ്ങുന്നത്. കേസിന്റെ ഗൗരവം പരിഗണിച്ച് അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘത്തെ കഴിഞ്ഞ ദിവസം വിപുലപ്പെടുത്തിയിരുന്നു.
നാലര മണിക്കൂറാണ് ഷാജിയെ വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. പണത്തിന്റെ കുറച്ച് രേഖകള്‍ കൂടി ഒരാഴ്ച്ചയ്ക്കകം ഹാജരാക്കുമെന്ന് ഷാജി വിജിലന്‍സിനെ അറിയിച്ചു. പിടിച്ചത് തെരഞ്ഞെടുപ്പിന് പിരിച്ച പണമാണെന്നും പരമാവധി രേഖകള്‍ ഹാജരാക്കിയെന്നും ഷാജി ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
റെയ്ഡിന് ശേഷം തനിക്കെതിരെ നിരവധി വ്യാജപ്രചരണങ്ങളാണ് ചിലര്‍ നടത്തുന്നതെന്നാണ് ഷാജിയുടെ പ്രതികരണം.ഷാജിയുടെ കോഴിക്കോട്ടയും കണ്ണൂരിലേയും വീടുകളില്‍ നിന്ന് പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വിട്ടുകിട്ടാന്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കുമെന്നാണ് വിവരം. സ്വത്തുക്കള്‍ സംബന്ധിച്ച് രേഖകള്‍ ഹാജരാക്കാന്‍ ഷാജിക്ക് വിജിലന്‍സ് ഒരാഴ്ച്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
2011 -2020 കാലഘട്ടത്തില്‍ ഷാജിയുടെ സ്വത്തില്‍ 166 ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് ഷാജി നല്‍കിയ സത്യവാങ്മൂലത്തിലെ കണക്കുമായുള്ള അന്തരമാകും വിജിലന്‍സ് പ്രധാനമായും ഷാജിയില്‍ നിന്നും തേടുക. എന്നാല്‍ പിടിച്ചെടുത്ത പണം ബന്ധുവിന്റെതാണെന്നും രേഖകളുണ്ടെന്നുമുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഷാജി. മുസ്ലീംലീഗിന്റെ പിന്തുണയും ഷാജിക്ക് ഉണ്ട്.