അതിജീവനത്തിന്റെ പുതിയപാഠം രചിക്കാം

0
77

അതിവേഗം പടരുന്ന കോവിഡിനെ നിയന്ത്രിച്ച്‌ നിർത്തുകയെന്ന അടിയന്തര കടമ നാട്‌ ഒന്നടങ്കം ഏറ്റെടുക്കേണ്ട സന്ദിഗ്‌‌ധഘട്ടമാണിത്‌. ഔദ്യോഗിക സംവിധാനങ്ങൾക്കൊപ്പം ഓരോ വ്യക്തിയും ഈ സാമൂഹ്യവിപത്തിനെതിരെ ഉണർന്നു പ്രവർത്തിച്ചാലേ ലക്ഷ്യത്തിലെത്താനാകൂ.

പകർച്ചവ്യാധിയുടെ ചാക്രികസ്വഭാവം ലോകവ്യാപകമായി പ്രതിസന്ധി സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്‌. രോഗകാരിയായ സാർസ്‌ കോവ്‌ 2 വൈറസ്‌ ശരീരസ്രവങ്ങളിലൂടെ പകരുന്നത്‌ തടയാനാവശ്യമായ മുൻകരുതലുകളാണ്‌ പ്രതിരോധപ്രവർത്തനങ്ങളിൽ മുഖ്യം.

ഒന്നാം ഘട്ടത്തിൽ കൈകൾ അണുമുക്തമാക്കിയും മുഖാവരണം ധരിച്ചും ശാരീരിക അകലം പാലിച്ചും വൈറസിന്റെ കണ്ണിമുറിക്കൽ കേരളത്തിൽ ഫലപ്രദമായി നടപ്പാക്കാനായി. രോഗബാധിതരെയും രോഗസാധ്യതയുള്ളവരെയും കണ്ടെത്തി മാറ്റിപ്പാർപ്പിച്ചതുവഴി അതിവ്യാപനം തടുത്തുനിർത്താനായി. രോഗം ഗുരുതരമായി ബാധിച്ചവർക്ക്‌ മെച്ചപ്പെട്ട ചികിത്സ സൗജന്യമായി നൽകി. ‌മരണനിരക്ക്‌ ഏറ്റവും കുറഞ്ഞനിരക്കിൽ പിടിച്ചുനിർത്തിയത്‌ കേരളത്തിന്റെ യശസ്സുയർത്തി .

ഈ നേട്ടങ്ങളെല്ലാം കൈവിട്ടുപോകുന്ന നിലയിലാണ്‌ രോഗവ്യാപനത്തിന്റെ രണ്ടാംഘട്ടം. രോഗബാധയുള്ളവരുടെ എണ്ണം ലക്ഷം കടന്നു. ജനിതകമാറ്റത്തിലൂടെ കൂടുതൽ വ്യാപനശേഷിയും മാരകസ്വഭാവവും ആർജിച്ച വൈറസിന്റെ സാന്നിധ്യം സംശയിക്കപ്പെടുന്നുണ്ട്‌.

വായുവിലൂടെ പകരാനുള്ള സാധ്യതയും അന്താരാഷ്‌ട്ര ഗവേഷണ സ്ഥാപനങ്ങൾ തള്ളിക്കളയുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ്‌ രാജ്യത്തും സംസ്ഥാനത്തും കോവിഡ്‌ വീണ്ടും പിടിമുറുക്കിയിരിക്കുന്നത്‌. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വാർത്തകൾ ഭയം ജനിപ്പിക്കുന്നതാണ്‌. രാജ്യത്തെ പ്രതിദിന രോഗബാധ മൂന്നുലക്ഷത്തിലെത്തി.

ഓക്‌സിജൻ ലഭ്യതയടക്കമുള്ള അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്‌തത മിക്ക സംസ്ഥാനങ്ങളെയും വലയ്‌ക്കുകയാണ്‌‌. മരണസംഖ്യ കുതിച്ചുയരുന്നു. ഗുരുതര സ്ഥിതിവിശേഷം നേരിടുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക്‌ ആവശ്യമായ സഹായം നൽകുന്നതിൽ കേന്ദ്ര സർക്കാർ തികഞ്ഞ പരാജയമാണ്‌.

ബംഗാളിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ മുഴുകിയ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അറിഞ്ഞ ഭാവം കാണിക്കുന്നില്ല. രോഗവ്യാപനവും മരണനിരക്കും ഏറ്റവും ഉയർന്ന മഹാരാഷ്‌ട്രയിലെ മുഖ്യമന്ത്രി ഉദ്ദവ്‌ താക്കറേ ഓക്‌സിജൻ ദൗർലഭ്യം പരിഹരിക്കാനാണ്‌ പ്രധാനമന്ത്രിയെ ബന്ധപ്പെട്ടത്‌. ഫോണിൽ സംസാരിക്കാനുള്ള മാന്യതപോലും മോഡി കാണിച്ചില്ലെന്ന്‌ താക്കറേയുടെ ഓഫീസ്‌ തുറന്നടിച്ചു.

വാക്‌സിൻ ഉൽപ്പാദനത്തിന്റെ പകുതിയോളം കയറ്റുമതി ചെയ്ത കേന്ദ്ര നടപടിയുടെ ദുരന്തഫലമാണ്‌ ഇന്ന്‌ രാജ്യം അനുഭവിക്കുന്നത്‌. ആദ്യ ഡോസ്‌ എടുത്തവർക്കുൾപ്പെടെ വാക്‌സിൻ മുടങ്ങുന്നു. രാജ്യത്ത്‌ ഉൽപ്പാദിപ്പിച്ച വാക്‌സിൻ മുഴുവൻ ഇവിടെ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ രണ്ടാം തരംഗത്തിന്റെ വ്യാപ്‌തി ഏറെ ലഘൂകരിക്കാമായിരുന്നു. കേരളത്തിന്‌ ഏപ്രിലിലെ ഉപയോഗത്തിന്‌ അമ്പത്‌ ലക്ഷം ഡോസ്‌ ആവശ്യപ്പെട്ട സ്ഥാനത്ത്‌ നാല്‌ ലക്ഷം മാത്രമാണ്‌ ‌ലഭിച്ചത്‌.

ഒരു ഡോസ്‌പോലും പാഴാക്കാതെ വാക്‌സിനേഷൻ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതിന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അഭിനന്ദനം ലഭിച്ച കേരളത്തിന്റെ അനുഭവം ഇതാണെങ്കിൽ മറ്റ്‌ സംസ്ഥാനങ്ങളുടെ നില ഊഹിക്കാവുന്നതേയുള്ളൂ. ശ്വാസതടസ്സത്തിന്‌ അടിയന്തര പരിചരണം ആവശ്യമുള്ള രോഗികൾ കൂടുതലായി ആശുപത്രിയിൽ എത്തുന്നു എന്നതാണ്‌ രണ്ടാം തരംഗത്തിന്റെ പ്രത്യേകത എന്ന്‌ ഐഎംസിആർ ‌ വെളിപ്പെടുത്തിയതിന്‌ തൊട്ടുപിന്നാലെയാണ്‌ ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ്‌ കേന്ദ്രസർക്കാർ നിർത്തലാക്കിയത്‌.

കഴിഞ്ഞവർഷത്തേക്കാൾ ഭീതിതമായ അവസ്ഥയിലാണ്‌‌ രാജ്യം. മൃതദേഹങ്ങൾ കൂട്ടിയിട്ട മോർച്ചറികളും ശ്മശാനങ്ങളിലെ കൂട്ടസംസ്‌കാരവും നടുക്കുന്ന കാഴ്‌ചയാണ്‌. ഗുജറാത്ത്‌ പോലുള്ള സംസ്ഥാനങ്ങൾ കോവിഡ്‌ മരണങ്ങൾ കുറച്ചുകാണിക്കുന്നതായി പ്രമുഖ ദേശീയ പത്രങ്ങൾതന്നെ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. രാജ്യതലസ്ഥാനം ഉൾപ്പെടെ വീണ്ടുമൊരു അടച്ചുപൂട്ടലിലേക്ക്‌ നീങ്ങിക്കഴിഞ്ഞു. തൊഴിലും വരുമാനവും നഷ്‌ടപ്പെടുന്നവരെ സംരക്ഷിക്കാൻ എന്തുനടപടി എന്ന ചോദ്യത്തിന്‌ ഉത്തരമില്ല. ഉത്തരേന്ത്യൻ നഗരങ്ങളിൽനിന്ന്‌ തൊഴിലാളികളുടെ പലായനം ആരംഭിച്ചുകഴിഞ്ഞു.

രോഗബാധ പെരുകുന്നുണ്ടെങ്കിലും കേരളത്തിൽ സ്ഥിതി വ്യത്യസ്‌തമാണ്‌. ഒന്നാം ഘട്ടത്തിലെന്നപോലെ ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ കരുത്തുറ്റ ശൃംഖല ഒരുങ്ങിക്കഴിഞ്ഞു. ഓക്‌സിജൻ, ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ പര്യാപ്‌തമാണ്‌. പ്രാദേശികമായി ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കി. ആവശ്യത്തിന്‌ ആരോഗ്യ പ്രവർത്തകരെയും മരുന്നും ലഭ്യമാക്കും.

എല്ലാ തലത്തിലുമുള്ള നിയന്ത്രണങ്ങൾ കർശനമാക്കി. കൃത്യമായ പരിശോധനയും മാനദണ്ഡങ്ങൾ പാലിച്ചുള്ള പൊതുജീവിതവും ഉറപ്പാക്കിയാൽ അടച്ചുപൂട്ടൽ ഇല്ലാതെതന്നെ കേരളത്തിന്‌ ഇപ്പോഴത്തെ‌ ഭീഷണിയെ അതിജീവിക്കാനാകും. സർവകലാശാല, പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചുവെങ്കിലും കർശന നിയന്ത്രണത്തോടെ എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷകൾ പൂർത്തിയാക്കാനുള്ള ശ്രമമാണ്‌ സർക്കാർ നടത്തുന്നത്‌.

ഇത്‌ പരീക്ഷയ്‌ക്ക്‌ തയ്യാറെടുത്ത കുട്ടികളെ മാനസിക പിരിമുറുക്കത്തിൽനിന്ന്‌ മോചിപ്പിക്കാൻ സഹായകമാകും. കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്‌. തൃശൂർപൂരം ജനബാഹുല്യമില്ലാതെ, നിയന്ത്രിത ചടങ്ങുകളോടെ നടത്താനുള്ള തീരുമാനവും സ്വാഗതാർഹമാണ്‌. മറ്റ്‌ പൊതുചടങ്ങുകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്‌.

രാത്രികാല കർഫ്യൂവും പ്രഖ്യാപിച്ചു. മരണനിരക്ക്‌ കുറവാണെന്നത്‌ കേരളത്തിന്റെ ആരോഗ്യരംഗം ശ്രമകരമായ പ്രവർത്തനങ്ങളിലൂടെ കൈവരിച്ച നേട്ടമാണ്‌. അതൊരിക്കലും ഉദാസീനതയ്‌ക്കുള്ള കാരണമായിക്കൂടാ. ജീവിതവൃത്തിക്ക്‌ ഒഴികെയുള്ള എല്ലാ കൂടിച്ചേരലും തൽക്കാലത്തേക്ക്‌ ഒഴിവാക്കുക. നാടിന്റെ ഭാവിയെ കരുതി ഓരോരുത്തരും സ്വയം നിയന്ത്രണം നടപ്പാക്കുക. ഒപ്പം ഔദ്യോഗിക നിർദേശങ്ങളോട്‌ പൂർണമായി സഹകരിക്കുക. ഈ ദുരന്തകാലത്തെ അതിജീവിക്കാൻ കൂട്ടായി യത്‌നിക്കാം.