വൈഗയുടെ മരണം : കൊന്നത് താൻ തന്നെയെന്ന് പിതാവ് സനു മോഹൻ സമ്മതിച്ചു

0
80

മുട്ടാർ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി സനു മോഹൻ. വൈഗയെ കൊന്നത് താൻ തന്നെയെന്ന് പിതാവ് സനു മോഹൻ സമ്മതിച്ചു. സാമ്പത്തിക ബാധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും മൊഴി.

എന്നാൽ കുട്ടിയെ പുഴയിൽ എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാൻ മനസ് അനുവദിച്ചില്ല. ഇതോടെ കാറുമെടുത്ത് കടന്നുകളയുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. താൻ മരണപ്പെട്ടാൻ കുട്ടിക്ക് ആരും ഉണ്ടാകില്ലെന്നത് കൊണ്ടാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. തനിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന മകളാണ് വൈഗയെന്നും സനു മോഹൻ.

പ്രതിയെ കൊച്ചി തൃക്കാക്കര സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. ഇന്നലെ കർണാടകയിലെ കാർവാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

സനു മോഹനായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിരുന്നു. മൂകാംബികയ്ക്ക് സമീപമുള്ള വനത്തിലും, ഗോവ, ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. മരിച്ച വൈഗയുടെ ശരീരത്തിൽ ആൽക്കഹോളിന്റെ അംശമുണ്ടായിരുന്നു എന്ന സൂചന നൽകുന്ന രാസപരിശോധനഫലം കൂടുതൽ ദുരൂഹത ഉണ്ടാക്കുകയാണ്.

കുട്ടിക്ക് ആൽക്കഹോൾ സാന്നിധ്യമുളള ഭക്ഷ്യവസ്തു നൽകി മയക്കിയ ശേഷം പുഴയിൽ തളളിയതാണോയെന്ന സംശയമാണ് ഉയരുന്നത്. ഇക്കാര്യവും പൊലീസ് വിശദമായി തന്നെ പരിശോധിച്ചുവരികയാണ്.