കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിൽ (കെഎഎസ്) സ്ട്രീം 2, 3 വിഭാഗങ്ങൾക്ക് സംവരണം അനുവദിക്കുന്ന രീതിയിൽ നിലവിലെ പ്രത്യേകചട്ടം ഭേദഗതി ചെയ്യാൻ അധികാരമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകി.സ്‌ട്രീം ഒന്നിനുമാത്രം സംവരണം നൽകുന്ന കെഎഎസ് ചട്ടത്തിൽ ഭേദഗതി വരുത്തിയത് സാമൂഹ്യനീതി ഉറപ്പാക്കാനാണ്.
സുപ്രീംകോടതി മാർഗനിർദേശങ്ങൾ ലംഘിച്ചിട്ടില്ല. സ്ഥാനക്കയറ്റത്തിലൂടെയോ സ്ഥലംമാറ്റത്തിലൂടെയോ ഉള്ള നിയമനം അല്ലാത്തതിനാൽ സ്‌ട്രീം 2, 3 വിഭാഗങ്ങൾക്ക് സംവരണം നിഷേധിക്കാനാകില്ല. കെഎഎസ് സ്‌ട്രീം ഒന്നിൽ പുതിയ ഉദ്യോഗാർഥികളെയാണ് നിയമിക്കുന്നത്.
സ്‌ട്രീം 2ൽ സംസ്ഥാനസർക്കാർ സർവീസിൽ ഫസ്‌റ്റ് ഗസറ്റഡ് പോസ്‌റ്റിന് താഴെ തസ്‌തികയിലുള്ളവരെ നേരിട്ട് നിയമിക്കുന്നു. സ്‌ട്രീം മൂന്നിൽ ഫസ്‌റ്റ് ഗസറ്റഡ് പോസ്‌റ്റിലും അതിന് മുകളിലും തസ്‌തികയുള്ളവരെ നിയമിക്കുന്നു.
സർവീസിലുള്ളവർക്ക് കെഎഎസിൽ പ്രവേശിക്കാൻ മറ്റുള്ളവരെപ്പോലെ പരീക്ഷയും അഭിമുഖവും പാസാകണം. അതുകൊണ്ടുതന്നെ അത് പുതിയ നിയമനത്തിന് തുല്യമാണെന്നും സർക്കാർ അറിയിച്ചു.