സിപിഐ എം നേതാക്കളുടെ ഭാര്യമാർക്ക്‌ ‘അയോഗ്യത’ മാത്രം, കരിവാരിത്തേക്കാൻ നുണപ്രചരണവും വ്യക്തിഹത്യയും

0
107

സിപിഐ എം നേതാക്കളുടെ ഭാര്യമാർക്ക്‌ നിയമനം ലഭിച്ചത്‌ തേടിപ്പിടിച്ച്‌ വിവാദമാക്കുന്നതിനു പിന്നിൽ ഗൂഢലക്ഷ്യം. മതിയായ അക്കാദമിക്‌ യോഗ്യതയോടെ പരീക്ഷകളും അഭിമുഖവും ഉയർന്ന നിലയിൽ വിജയിച്ചവർക്കെതിരെയാണ്‌ അപവാദ പ്രചാരണം. ഒരു ആരോപണവും തെളിയിക്കാനുമായിട്ടില്ല.

ഗവർണറും സർവകലാശാലാ വിദഗ്ധ സമിതികളും തള്ളിയ ആക്ഷേപങ്ങളാണ്‌ പലവിധത്തിൽ വീണ്ടും വിവാദമാക്കുന്നത്‌. ഒരു കേന്ദ്രത്തിൽനിന്ന്‌ ഉൽപ്പാദിപ്പിക്കുന്ന ഇത്തരം നുണക്കഥകൾ, നിജസ്ഥിതി അന്വേഷിക്കാതെ വാർത്തയാക്കുകയാണ്‌ ഏതാനും മാധ്യമങ്ങൾ.

സിപിഐ എം നേതാക്കൾക്കെതിരെ എന്ത്‌ കച്ചിത്തുരുമ്പ്‌ കിട്ടിയാലും ‘ഇട്ട്‌ അലക്കുക’ എന്ന നയത്തിന്റെ ഭാഗമാണ് ഇത്. നേതാക്കളുടെ ഭാര്യമാരായി പോയതുകൊണ്ട്‌ അവരുടെ വ്യക്തിത്വത്തെയും അവകാശത്തെയും നിഷ്കരുണം തള്ളുന്നത്‌ മാധ്യമ മര്യാദയല്ലെന്ന അഭിപ്രായങ്ങളും ശക്തം.

എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി‌ക്ക്‌ സംസ്‌കൃത സർവകലാശാലയിൽ നിയമനം ലഭിച്ചത്‌ വിവാദമാക്കി. അഭിമുഖത്തിനുമുമ്പേ ചിലർ ഗൂഢാലോചന നടത്തിയെന്ന സത്യം പിന്നീട്‌ പുറത്തുവന്നു. അഭിമുഖത്തിൽ പങ്കെടുപ്പിക്കാതിരിക്കാനായിരുന്നു ആദ്യശ്രമം. ഇന്റർവ്യൂബോർഡിലുള്ള ചിലരും വിവാദമുയർത്താൻ കൂട്ടുനിന്നു. രണ്ടു പ്രാവശ്യം സ്‌ക്രീനിങ് നടത്തിയാണ്‌ 80ൽ നിന്ന്‌ അഞ്ചു‌പേരെ അഭിമുഖത്തിനായി തെരഞ്ഞെടുത്തത്‌.

യുജിസി ചട്ടം നിരത്തി സർവകലാശാലതന്നെ വിശദാംശങ്ങൾ പുറത്തുവിട്ടതോടെ വിവാദ വ്യവസായികൾക്ക്‌ മറുപടിയില്ലാതായി. എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഡോ. പി എം ഷഹലയുടെ കാര്യത്തിലും വിവാദമുണ്ടാക്കി. കണ്ണൂർ സർവകലാശാലയിൽ എച്ച്‌ആർഡി അസിസ്റ്റന്റ്‌ തസ്തികയിലേക്കാണ്‌ ഷഹല അപേക്ഷിച്ചത്‌.

അപവാദം പ്രചരിപ്പിച്ച്‌ മാനസികമായി തളർത്തി അഭിമുഖത്തിൽനിന്ന്‌ തടയലായിരുന്നു ലക്ഷ്യം. അക്കാദമിക്‌ യോഗ്യത സംബന്ധിച്ചും അസത്യങ്ങൾ പ്രചരിപ്പിച്ചു. എന്നാൽ, യുജിസി ആവശ്യപ്പെടുന്ന എല്ലാ യോഗ്യതയും അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടാൻ ഉയർന്ന സ്‌കോറുമുള്ളയാളാണ്‌ ഷഹല.

പി കെ ബിജുവിന്റെ ഭാര്യ വിജി വിജയൻ കേരള സർവകലാശാലയിൽ ബയോ കെമിസ്‌ട്രി വിഭാഗത്തിൽ നിയമനം നേടിയത്‌ മുമ്പ്‌ വിവാദമാക്കിയിരുന്നു. പരാതി അടിസ്ഥാനരഹിതമാണെന്ന്‌ കണ്ട്‌ തള്ളി. ഇപ്പോഴത്തെ പ്രബന്ധവിവാദവും കഴമ്പില്ലാത്തതാണ്‌.

പി കെ ബിജുവിന്റെ ഭാര്യക്കെതിരെയും വ്യക്തിഹത്യ

നുണപ്രചാരണത്തിലൂടെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി കെ ബിജുവിന്റെ ഭാര്യയെയും വ്യക്തിഹത്യ നടത്താൻ ശ്രമം. കേരള സർവകലാശാലയിലെ അസി. പ്രൊഫസർ ഡോ. വിജി വിജയനെതിരെയാണ്‌ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പേരിൽ ഹീനമായ കള്ളപ്രചാരണം.

വിജിയുടെ നിയമനം വിവാദമാക്കാൻ, ഗവേഷണ പ്രബന്ധത്തിലെ ഡാറ്റ മോഷ്‌ടിച്ചതാണെന്ന്‌ ഇപ്പോൾ നടത്തുന്ന കുപ്രചാരണം. ഡാറ്റ നഷ്ടപ്പെട്ടതായി ആരും പരാതിപ്പെട്ടില്ല.

ഏത്‌ ഡാറ്റയാണ്‌ പകർത്തിയതെന്നും വ്യക്തമല്ല. വായനക്കാരും ഗവേഷകരുമായുള്ള സംവാദം ഉറപ്പാക്കുന്നതിനുള്ള ഓപ്പൺ പ്ലാറ്റ് ഫോറമായ ‘പബ്‌പീർ’ വെബ് സൈറ്റിൽ വ്യാജപേരിൽ ചിലർ ബോധപൂർവം രേഖപ്പെടുത്തിയ അഭിപ്രായമാണ്‌ ആരോപണത്തിന്‌ അടിസ്ഥാനം.

പഴയ ഡാറ്റ സൂക്ഷിക്കില്ലെന്ന ധാരണയിലായിരുന്നു ഈ നീക്കം. എന്നാൽ, ബന്ധപ്പെട്ട ജേർണലുകളുടെ എഡിറ്റർക്ക് ഡാറ്റ സംബന്ധിച്ച എല്ലാ വിവരങ്ങളും കൈമാറി. എന്നിട്ടും പുകമറ തുടരുകയാണ്‌. 2013ലെ നിയമന പരീക്ഷയിൽ ഒന്നാമതായിരുന്ന വിജിയെ അഭിമുഖത്തിൽ 25ൽ ആറുമാർക്ക്‌ നൽകി നിയമനം ഇല്ലാതാക്കിയവരാണ്‌ ഇതിനുപിറകിലുമുള്ളത്‌. വ്യക്തിഹത്യക്കെതിരെ ഗവർണർക്കും വൈസ് ചാൻസലർക്കും പരാതി നൽകുമെന്ന്‌ ഡോ. വിജി വിജയൻ പറഞ്ഞു.