ആരോഗ്യപ്രവർത്തകരെ തള്ളിക്കളഞ്ഞ് കേന്ദ്രം, 50 ലക്ഷം രൂപയുടെ കൊവിഡ് ഇൻഷൂറൻസ് നിർത്തി

0
78

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യപ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷൂറൻസ് പദ്ധതി കേന്ദ്രസർക്കാർ നിർത്തലാക്കി.

കഴിഞ്ഞ മാസം 24 വരെ മരിച്ച ആരോഗ്യപ്രവർത്തകർക്ക് മാത്രമേ ഇനി ഇൻഷൂറൻസ് ലഭിക്കൂ. ഇവരുടെ ബന്ധുക്കൾക്ക് ഈ മാസം 24 വരെ രേഖകൾ ഹാജരാക്കാൻ സമയം നൽകിയിട്ടുണ്ട്.

കൊവിഡിൻറെ രണ്ടാം തരംഗത്തിൻറെ വ്യാപനത്തിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് കൊവിഡ് ഇൻഷൂറൻസ് നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇനി കോവിഡ് മൂലം ആരോഗ്യ പ്രവർത്തകർ മരിച്ചാൽ
ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷയുണ്ടാകില്ലെന്ന് കാട്ടി കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനസർക്കാരുകൾക്ക് കത്ത് നൽകി.

പ്രതിദിനകൊവിഡ് കേസുകൾ രാജ്യത്ത് രണ്ടരലക്ഷം കവിയുകയാണ്. കിടക്കകളും ഐസിയുകളും ഓക്സിജൻ സിലിണ്ടറുകളും ഇല്ലാതെ രാജ്യം കൊവിഡിൻറെ രണ്ടാം തരംഗത്തിൻറെ വ്യാപനത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ്, ഇൻഷൂറൻസ് പോലുമില്ലാതെ ആരോഗ്യപ്രവർത്തകർക്ക് ജോലി ചെയ്യേണ്ടി വരുന്നത്.

എന്നാൽ ഇൻഷൂറൻസിൻറെ കാലാവധി ശനിയാഴ്ചയോടെ അവസാനിപ്പിക്കുന്നതിൽ രോഷം ശക്തമാകുന്നു. ഇൻഷൂറൻസ് അവസാനിപ്പിച്ചിട്ടില്ലെന്നും കമ്പനികളുമായി ചർച്ച തുടരുകയാണെന്നുമാണ് കേന്ദ്രത്തിൻറെ പ്രതികരണം.

വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു മുന്‍ഗണന നല്‍കിയതോടെയാണ് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ പ്രേരണയായതെന്നും, കേന്ദ്ര സർക്കാരിന് സാമ്പത്തിക ബാധ്യതകൾ കൂടുതലാണെന്നും ആരോഗ്യ പ്രവർത്തകർക്കായി പിന്നീട് പുതുക്കിയ ഇൻഷുറൻസ് പദ്ധതികൾ പിന്നീട് കൊണ്ട് വരുമെന്നും കേന്ദ്രം വ്യക്തമാക്കി. അതേ സമയം കോവിഡ് ബാധിച്ചു മരിച്ച ആരോഗ്യപ്രവർത്തകരുടെ കണക്കും കേന്ദ്ര സർക്കാർ പുറത്ത് വീട്ടിട്ടില്ല. ഫെബ്രുവരി വരെയുള്ള സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 287 പേര്‍ക്കാണ് ഇന്‍ഷുറന്‍സ് തുക ലഭിച്ചത്.