ആക്ഷേപിക്കാൻ മാത്രം ഒരു കേന്ദ്രസഹമന്ത്രി – ദേശാഭിമാനി മുഖപ്രസംഗം

0
87

കൊറോണ വൈറസ്‌ ബാധയെ ഫലപ്രദമായി നേരിടുന്ന സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം. രാജ്യത്തെങ്ങും കേസുകൾ കൂടുന്നതിന്‌ ആനുപാതികമായി കേരളത്തിലും രോഗികളുടെ എണ്ണം കൂടുന്നുവെന്നത്‌ ശരിയാണ്‌. എന്നാൽ, രോഗബാധയേറ്റ്‌ മരിക്കുന്നവർ ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്‌.

ബിജെപി മാതൃകാ സംസ്ഥാനങ്ങളായി കൊണ്ടാടുന്ന ഗുജറാത്തിലെയും ഉത്തർപ്രദേശിലെയുംപോലെ ഒരാൾക്കും ഇവിടെ ആശുപത്രിയിൽ കിടക്ക‌ കിട്ടാതെയില്ല. വെന്റിലേറ്ററിനോ ഓക്‌സിജനോ ക്ഷാമവും നേരിടുന്നില്ല. മൃതദേഹം സംസ്‌കരിക്കാൻ കുടുംബാംഗങ്ങൾക്ക്‌ ടോക്കണെടുത്ത്‌ ക്യൂ നിൽക്കേണ്ട ഗതികേടുമില്ല.

മെച്ചപ്പെട്ട ഈ അവസ്ഥയ്‌ക്ക്‌ കാരണം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ആസൂത്രണവും ചിട്ടയായ പ്രവർത്തനവുമാണ്‌. അതുകൊണ്ടാണ്‌ യുഎൻ മുതൽ ലോകാരോഗ്യ സംഘടനവരെയുള്ള വിവിധ സംഘടനകളും ആഗോളമാധ്യമങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയവും കേരളത്തിലെ സർക്കാരിനെ അഭിനന്ദിക്കുന്നത്‌.

അപ്പോഴും അതിന്‌ മലയാളിയായ ഒരു കേന്ദ്രമന്ത്രി തയ്യാറായില്ലെന്ന്‌ മാത്രമല്ല, കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രിക്കെതിരെ അസഭ്യവർഷം നടത്താനും തയ്യാറായി. കേന്ദ്രമന്ത്രിയെന്ന പദവിയുടെ മാന്യതതന്നെ കളഞ്ഞുകുളിക്കുന്നതായി വി മുരളീധരന്റെ പ്രസ്‌താവന.

മുരളീധരൻ‌ കേന്ദ്രമന്ത്രിയാണ്‌. വിദേശകാര്യ–-പാർലമെന്ററികാര്യ സഹമന്ത്രി. പക്ഷേ, ഭൂരിപക്ഷം സമയവും അദ്ദേഹം കേരളത്തിലാണ്‌. സംസ്ഥാന സർക്കാരിന്റെ ചെലവിൽ കറങ്ങിത്തിരിഞ്ഞ്‌ എൽഡിഎഫ്‌ സർക്കാരിനെതിരെ വിഷം ചീറ്റുന്ന മന്ത്രിയായി അദ്ദേഹം അധഃപതിച്ചിരിക്കുന്നു.

പാർടിയിലെ സ്വന്തം ഗ്രൂപ്പിനെ വളർത്താനും സ്വന്തം താൽപ്പര്യം സംരക്ഷിക്കാനുമായാണ്‌ കേരളത്തിൽ തമ്പടിക്കുന്നത്‌. മുഖ്യമന്ത്രിക്കെതിരെ പ്രോട്ടോകോൾ ലംഘനം ആരോപിക്കുന്ന കേന്ദ്ര മന്ത്രി വിദേശയാത്രയിൽ ദുരൂഹ സാഹചര്യത്തിൽ ഒരു യുവതിയെ ഒപ്പംകൊണ്ടുപോയി പ്രോട്ടോകോൾ ലംഘനം നടത്തിയത്‌ എന്തിനായിരുന്നു എന്ന്‌ ഇതുവരെയും വിശദീകരിച്ചിട്ടില്ല.

വിദ്വേഷ പ്രസ്‌താവനയിലൂടെ കുപ്രസിദ്ധനായ കേന്ദ്രമന്ത്രി ഗിരിരാജ്‌ സിങ്ങിന്റെ നിലവാരംപോലുമില്ലാത്ത മന്ത്രിയായി മുരളീധരനും മാറിയിരിക്കുന്നു. കേന്ദ്ര മന്ത്രി പദവിയിലെത്തിയിട്ടും കേരളീയ സമൂഹം തനിക്ക്‌ അർഹിക്കുന്ന അംഗീകാരം നൽകാത്തതും മന്ത്രിയെ ചൊടിപ്പിക്കുന്നു. അതിനാലായിരിക്കണം കേരള രാഷ്ട്രീയത്തിൽ മുൻനിരയിൽ നിൽക്കുന്ന മുഖ്യമന്ത്രിയെ ഭർത്സിച്ച്‌ ‘ശ്രദ്ധ’ നേടാനുള്ള വിലകുറഞ്ഞ തന്ത്രം മുരളീധരൻ പുറത്തെടുത്തത്‌.

ഉത്തരേന്ത്യൻ പാർടിയെന്ന്‌ പൊതുവെ കരുതപ്പെടുന്ന ബിജെപിക്ക്‌ എന്തുകൊണ്ടും യോജിച്ച നേതാവാണ്‌ മുരളീധരൻ. കാരണം കേരളം എന്ന്‌ കേൾക്കുമ്പോൾ കലിവരുന്ന മലയാളി മന്ത്രിയാണദ്ദേഹം. സംസ്ഥാനം എന്ത്‌ നേട്ടങ്ങൾ കൈവരിച്ചാലും അതിനെ ഇകഴ്‌ത്തിക്കാട്ടുകയാണ്‌ പതിവ്‌ പരിപാടി‌. അതുകൊണ്ടുതന്നെ കേരളത്തിനായി ഒന്നും ചെയ്യില്ലെന്ന ശപഥം എടുത്തിരിക്കുകയാണ്‌ ഈ മന്ത്രി.

കേന്ദ്ര മന്ത്രിസ്ഥാനത്തിരുന്ന്‌ സംസ്ഥാനത്തിനുവേണ്ടി ചെറുവിരൽപോലും അനക്കാൻ അദ്ദേഹം തയ്യാറായില്ല. പ്രളയം, മഹാമാരി എന്നിവ വന്നപ്പോൾ ഇക്കാര്യം കേരളീയർക്ക്‌ ബോധ്യപ്പെട്ടതാണ്‌. തിരുവനന്തപുരം വിമാനത്താവളം മോഡി സർക്കാർ അദാനിക്ക്‌ വിൽക്കാൻ തീരുമാനിച്ചപ്പോൾ അതിനെ സ്വാഗതം ചെയ്‌ത മന്ത്രിയാണദ്ദേഹം.

കോച്ച്‌ ഫാക്ടറിക്ക്‌ വേണ്ടിയോ റെയിൽവേ സോണിനുവേണ്ടിയോ എയിംസിന്‌ വേണ്ടിയോ ഈ മന്ത്രിയുടെ ശബ്‌ദമുയർന്നില്ല. ഏറ്റവും അവസാനമായി കടുത്ത വാക്‌സിൻ ക്ഷാമം അനുഭവിക്കുമ്പോഴും കേന്ദ്രത്തിൽ ഇടപെട്ട്‌ അത്‌ ലഭ്യമാക്കാൻ മന്ത്രിയുടെ ഭാഗത്തുനിന്ന്‌ നടപടിയുണ്ടായില്ല.

മഹാരാഷ്ട്രയിൽനിന്നാണ്‌ മുരളീധരൻ രാജ്യസഭയിലെത്തിയതും കേന്ദ്ര മന്ത്രിയായതും. ആ സംസ്ഥാനത്തെ രൂക്ഷമായ കോവിഡ്‌ സ്ഥിതിയെക്കുറിച്ച്‌ മന്ത്രിക്ക്‌ എന്തെങ്കിലും അറിയുമോ? അത്‌ ലഘൂകരിക്കാൻ എന്തെങ്കിലും സഹായം മന്ത്രിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായോ? ഏറ്റവും കൂടുതൽ കോവിഡ്‌ കേസുകൾ ഉണ്ടാകുന്ന സംസ്ഥാനമാണ്‌ മഹാരാഷ്ട്ര.

കടുത്ത ഓക്‌സിജൻ ക്ഷാമമാണ്‌ സംസ്ഥാനം അനുഭവിക്കുന്നത്‌. സഹായം തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ്‌ താക്കറേ മൂന്നുവട്ടം പ്രധാനമന്ത്രിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പശ്‌ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിരക്കിലാണെന്നുപറഞ്ഞ്‌ ഒഴിഞ്ഞുമാറുകയായിരുന്നു നരേന്ദ്ര മോഡി.

പ്രതിദിന കോവിഡ്‌ കേസുകൾ 2.61 ലക്ഷമായി ഉയർന്നപ്പോഴും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിലാണ്! ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്ന ഒരു മന്ത്രിസഭയിലെ അംഗമാണ്‌ മുരളീധരൻ. കോവിഡിനെ തടയാൻ നമുക്കുള്ള ഏറ്റവും പ്രധാന ആയുധം വാക്‌സിനാണ്‌.

എന്നാൽ, പൗരന്മാരെ വാക്‌സിനേറ്റ്‌ ചെയ്യുന്നതിന്‌ ആവശ്യമായ ഡോസ്‌‌ എത്തിക്കാൻ ഒരു നടപടിയും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ആഭ്യന്തര ഉൽപ്പാദനം, ദേശീയ വാക്‌സിൻ പദ്ധതി എന്നിവ കണക്കിലെടുത്ത്‌ മാത്രമേ വാക്‌സിൻ കയറ്റുമതിചെയ്യൂവെന്ന്‌ മാർച്ച്‌ 18ന്‌ പാർലമെന്റിൽ പറഞ്ഞ മുരളീധരൻ അംഗമായ സർക്കാർ തന്നെയാണ്‌ ആറരക്കോടി ഡോസ്‌ വാക്‌സിൻ കയറ്റുമതി ചെയ്‌തത്‌.

ആസൂത്രണവും വീണ്ടുവിചാരവുമില്ലാത്ത നടപടിയാണിത്‌. ഗത്യന്തരമില്ലാതായപ്പോൾ വിദേശ വാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള തിടുക്കവും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ഇത്തരമൊരു കേന്ദ്ര സർക്കാരിന്റെ നിലവാരമല്ലേ മുരളീധരനും ഉണ്ടാകൂ. മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം നടത്തി അതദ്ദേഹം ആവർത്തിച്ച്‌ വ്യക്തമാക്കുന്നുവെന്നുമാത്രം.