സംസ്ഥാനത്ത് പ്രാണവായു മുടങ്ങില്ല ; ഓക്സിജൻ സ്‌റ്റോക്ക്‌ 219.22 ടൺ

0
85

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ‌ സംസ്ഥാനത്ത്‌ സംഭരിച്ചിരിക്കുന്നത്‌ 219.22 മെട്രിക്‌ ടൺ ഓക്സിജൻ. രോഗം ഗുരുതരമാകുന്ന ആർക്കും കേരളത്തിൽ ചികിത്സയോ പ്രാണവായുവോ മുടങ്ങില്ല. സംസ്ഥാനത്ത്‌ ഓക്സിജൻ ലഭ്യത കുറയില്ലെന്നും ആരോഗ്യവകുപ്പ്‌ വ്യക്തമാക്കി.

2021 ഏപ്രിൽ 15 വരെയുള്ള കണക്കനുസരിച്ച്‌ 73.02 മെട്രിക്‌ ടൺ ഓക്സിജനാണ്‌ ഉപയോഗിച്ചത്‌. 2020 നവംബറിൽ സംസ്ഥാനത്ത്‌ സ്റ്റോക്കുണ്ടായിരുന്നത്‌ 184.09 മെട്രിക്‌ ടൺ ഓക്സിജനാണ്‌. രോഗികൾ വർധിച്ച ഈ സാഹചര്യത്തിലും അന്നത്തേക്കാൾ 35.13 മെട്രിക്‌ ടൺ ഓക്സിജൻ അധിക സ്‌റ്റോക്കുണ്ട്‌.

നിലവിൽ 699 രോഗികൾ ഐസിയുവിലും 199 രോഗികൾ വെന്റിലേറ്ററുകളിലും ചികിത്സയിലുണ്ട്‌. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഗുജറാത്ത്, ഉത്തർപ്രദേശ്‌, മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിലും ഡൽഹിയിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയും ഓക്സിജൻ ലഭ്യത താഴുകയുമാണ്‌.

ഗുരുതരാവസ്ഥയിലുള്ളവർക്ക്‌ പ്രാണവായുപോലും ലഭിക്കാത്ത സാഹചര്യമാണ്‌ ഈ സംസ്ഥാനങ്ങളിൽ. പലയിടങ്ങളിലും ആശുപത്രി കിടക്കകൾ നിറഞ്ഞുകഴിഞ്ഞു. പ്രതിദിന രോഗികൾ 15,000 കടന്നാലും ചികിത്സയ്ക്കുള്ള സൗകര്യം സംസ്ഥാനത്ത്‌ സജ്ജമാണ്‌.

ഒരു ലക്ഷത്തിലധികം സാമ്പിളുകളാണ്‌ വെള്ളിയാഴ്ച ശേഖരിച്ചത്‌. ജില്ലകളിലെ കൃത്യമായ കണക്കുകൾ ശനിയാഴ്ച ലഭ്യമാകും. ഓരോ ജില്ലയിലും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു.

മൊബെെൽ പരിശോധനാ സംഘങ്ങളും ആൾക്കൂട്ടമുള്ള മേഖലകളിൽ നേരിട്ടെത്തി സാമ്പിളുകൾ ശേഖരിച്ചു. പ്രധാന മാർക്കറ്റുകളിൽ വ്യാപാരികൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കുമായി പ്രത്യേക പരിശോധനാ കേന്ദ്രങ്ങൾ ജില്ലാ അധികൃതർ തയാറാക്കി നൽകിയിരുന്നു.

ആന്റിജൻ, ആർടിപിസിആർ പരിശോധനകൾക്കുള്ള സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്‌. ഓരോ ദിവസത്തേക്കും ജില്ലകൾക്ക് പ്രത്യേക ടാർഗറ്റ് നിശ്ചയിച്ച് നൽകിയിരുന്നു. പ്രതിദിന കോവിഡ്‌ രോഗികൾ കൂടുതലുള്ള എറണാകുളം, കോഴിക്കോട്‌ ജില്ലകളിൽ മുപ്പതിനായിരത്തിലധികം പരിശോധന നടത്തും.

ആളുകളുമായി നിരന്തരം ബന്ധപ്പെടുന്ന 45 വയസ്സിന് താഴെയുള്ളവർ, 45 വയസ്സിന്‌ മുകളിലുള്ള വാക്സിൻ സ്വീകരിക്കാത്തവർ, കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവർ, തെരഞ്ഞെടുപ്പ് നടപടികളിൽ പങ്കാളികളായവർ എന്നിവരിൽ പരിശോധന നടത്തുന്നുണ്ട്‌. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോവിഡ് വന്നുപോയവരും രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവരും പരിശോധന നടത്തേണ്ടതില്ല.