ഷാജിയെ വീണ്ടും ചോദ്യംചെയ്യും : വിജിലൻസ് സംഘം വിപുലീകരിക്കുന്നു ; ഇഞ്ചികൃഷിയും അന്വേഷിക്കും

0
79

മുസ്ലീം ലീഗ് നേതാവും എം.എൽ.എയുമായ കെ.എം. ഷാജിയുടെ സമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം വിപുലീകരിക്കും. നിലവിൽ ഒരു എസ്.പി.യും ഡിവൈ.എസ്.പി.യും ഉൾപ്പെടെ നാല് പേരാണ് അന്വേഷണസംഘത്തിലുള്ളത്. ഇതിന് പുറമേ ആറ് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തും.

കെ.എം. ഷാജി എം.എൽ.എയായ പത്ത് വർഷത്തെ സ്വത്ത് വിവരം വിശദമായി പരിശോധിക്കാനാണ് വിജിലൻസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് അന്വേഷണ സംഘം വിപുലീകരിക്കുന്നത്.

അതിനിടെ, സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട് കെ.എം. ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യംചെയ്യും. പണവും സ്വത്ത് വിവരവും സംബന്ധിച്ച രേഖകൾ ലഭിക്കുന്ന മുറയ്ക്കാകും ചോദ്യംചെയ്യൽ. കഴിഞ്ഞദിവസം ഷാജിയെ അഞ്ച് മണിക്കൂർ ചോദ്യംചെയ്തിരുന്നു.

ഈ മൊഴികൾ വിശകലനം ചെയ്താണ് അന്വേഷണസംഘം വിപുലീകരിക്കാൻ തീരുമാനിച്ചത്. ഷാജിയുടെ മൊഴികളിൽ അന്വേഷണസംഘം പൂർണമായും തൃപ്തരല്ലെന്നും വിവരമുണ്ട്. എം.എൽ.എ.യായ സമയത്ത് കെ.എം. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചോ എന്നതാണ് വിജിലൻസ് പ്രധാനമായും അന്വേഷിക്കുന്നത്.

ഇതിന്റെ ഭാഗമായി കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളുടെ മൂല്യം അതാത് വകുപ്പുകളുടെ സഹായത്തോടെ കണക്കാക്കും. ഇഞ്ചികൃഷിയിലൂടെ വരുമാനം ലഭിച്ചുവെന്ന വെളിപ്പെടുത്തലിനെ തുടർന്ന് ഷാജിയുടെ കാർഷിക വരുമാനവും കണക്കാക്കും.