കേരളം അഞ്ചുവർഷം കുതിക്കുകയായിരുന്നു, പ്രതിസന്ധികളെ കേരളം അതിജീവിച്ചു : ആസൂത്രണ ബോർഡിന്റെ വിലയിരുത്തൽ

0
71

കേരളം കഴിഞ്ഞ അഞ്ചുവർഷം അതിവേഗ വികസനത്തിന്റയും ക്ഷേമപ്രവർത്തനങ്ങളുടെയും നേട്ടങ്ങളിലൂടെ കുതിക്കുകയായിരുന്നുവെന്ന്‌ സംസ്ഥാന ആസൂത്രണ ബോർഡിന്റെ വിലയിരുത്തൽ.

‘കേരള വികസന റിപ്പോർട്ട്‌: സംരംഭങ്ങൾ, നേട്ടങ്ങൾ, വെല്ലുവിളികൾ’ തലക്കെട്ടിൽ തയ്യാറാക്കിയ റിപ്പോർട്ട്‌ പ്രതിസന്ധികളെ കേരളം എങ്ങനെ അവസരമാക്കിയെന്ന്‌ വിവരിക്കുന്നു. ഇതര സംസ്ഥാനങ്ങളെല്ലാം പ്രതിബന്ധങ്ങൾക്കുമുന്നിൽ പകച്ചപ്പോൾ, കേരളം ജനകീയ കൂട്ടായ്‌മയിൽ അതിനെയെല്ലാം മറികടന്നു.

ജനകീയ ഇടപെടലിലൂടെ ക്ഷേമപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള പരീക്ഷണശാലയായി കേരളത്തെ രൂപപ്പെടുത്തിയെടുക്കാൻ സംസ്ഥാന സർക്കാരിനായതായി പഠനം വിലയിരുത്തിയെന്ന്‌ ആസൂത്രണ ബോർഡ്‌ ഉപാധ്യക്ഷൻ ഡോ. വി കെ രാമചന്ദ്രൻ ദേശാഭിമാനിയോട്‌ പറഞ്ഞു.

ഇതിലൂടെ സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക അവസ്ഥകൾ മാറ്റിമറിച്ചു. ഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിൽ സമാനതകളില്ലാത്ത നേട്ടമാണ്‌ കേരളം കൈവരിച്ചത്‌. മറ്റൊരു സംസ്ഥാനത്തിനും ഇത്തരമൊരു ജനകീയ പങ്കാളിത്തം അവകാശപ്പെടാനില്ല.

പൊതുസ്‌കൂൾ വിദ്യാഭ്യാസരീതികൾ അടിമുടി മാറി. വിദ്യാർഥികൾ സ്വകാര്യ സ്‌കൂൾ ഉപേക്ഷിച്ച്‌ പൊതുസ്‌കൂളിലേക്കെത്തുന്നത്‌ കേരളത്തിന്റെമാത്രം പ്രത്യേകതയായി. പൊതുആരോഗ്യമേഖല രോഗീസൗഹൃദമാക്കി. ഗുണമേന്മ ഉറപ്പാക്കി. ഭൗതിക അടിസ്ഥാന സൗകര്യ വികസനത്തിലും വൻമുന്നേറ്റമായി. വ്യവസായ, വിവര സാങ്കേതിക മേഖലയിലെ നയമാറ്റങ്ങൾ പുത്തൻ ദിശാരേഖയായി.

തദ്ദേശ സർക്കാരുകളുടെ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉയർന്നു. ഉപജീവനമാർഗവും തൊഴിലും സൃഷ്ടിക്കുന്നതിൽ വലിയ കുതിപ്പുണ്ടായി. സാമൂഹ്യസുരക്ഷിതത്വം ഉറപ്പാക്കുന്നതിലും സ്‌ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലും കേരളം മാതൃകയാണെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.

നേരിട്ടത്‌ പ്രക്ഷുബ്ധ കാലഘട്ടം

13–-ാം പഞ്ചവത്സരപദ്ധതിയിൽ അനശ്ചിതത്വങ്ങളായിരുന്നു കേരളം നേരിട്ട ഏറ്റവുംവലിയ വെല്ലുവിളി. 2017ൽ ഓഖി, 2018ൽ മഹാപ്രളയം, 2019ൽ പ്രളയവും മണ്ണിടിച്ചിലും 2018ൽ നിപാ രോഗബാധ, ഇപ്പോഴും തുടരുന്ന കോവിഡ്‌ മഹാമാരി തുടങ്ങിയവ മറികടക്കുക വലിയ വെല്ലുവിളിയായി.

കേന്ദ്ര സർക്കാർ നയങ്ങളും ഉപഭോക്‌തൃ സംസ്ഥാനമായ കേരളത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചു. നോട്ടുനിരോധനം, അവധാനതയില്ലാതെ നടപ്പാക്കിയ ചരക്കുസേവന നികുതി, ധനവിഭവ വിഹിതത്തിലെ കേന്ദ്ര സർക്കാരിന്റെ ശത്രുതാപരമായ നിലപാട്‌, ധന കമീഷന്റെ നിലപാടുകളിലെ അവ്യക്തതകൾ, കടമെടുപ്പുമായി ബന്ധപ്പെട്ട ഇടപെടലുകൾ, ചരക്കുസേവന നികുതി നഷ്ടപരിഹാര നിഷേധശ്രമങ്ങൾ തുടങ്ങിയവയോടെല്ലാം പടവെട്ടിയാണ്‌ കേരളം മുന്നേറിയത്‌. പഞ്ചവത്സര പദ്ധതി നിലനിർത്തിയ ഏക സംസ്ഥാനവും കേരളമായി.