അയോധ്യ രാമക്ഷേത്ര നിർമാണ സംഭാവന: 22 കോടി രൂപയുടെ 15000 ചെക്കുകൾ മടങ്ങി

0
70

അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച 22 കോടി രൂപയുടെ ചെക്കുകൾ മടങ്ങി. 15,000നു മുകളിൽ ചെക്കുകളാണ് മടങ്ങിയത് എന്നാണ് റിപ്പോർട്ട്. ക്ഷേത്ര നിർമാണത്തിനായി വിശ്വഹിന്ദു പരിഷത് സമാഹരിച്ചതാണ് ഈ ചെക്കുകൾ. ക്ഷേത്ര നിർമാണത്തിനുള്ള ട്രസ്റ്റിൻ്റെ ഓഡിറ്റ് പുറത്തുവന്നതോടെയാണ് ഈ വിവരം പുറത്തായത്.

ചെക്കുകൾ നൽകിയ വ്യക്തിയുടെ അക്കൗണ്ടിൽ പണമില്ലാത്തതാണ് പ്രധാനമായും ചെക്കുകൾ മടങ്ങാൻ കാരണം. ഒപ്പ് തെറ്റിപ്പോയതോ, എഴുത്തിലെ പിശകുകളോ പോലുള്ള സാങ്കേതിക പ്രശ്നങ്ങളും ചെക്കുകൾ മടങ്ങാനുള്ള കാരണമായിട്ടുണ്ട്. മടങ്ങിയ ചെക്കുകളിൽ 2000 എണ്ണവും അയോധ്യയിൽ നിന്ന് തന്നെ സ്വീകരിച്ച ചെക്കുകളാണെന്ന് ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. മറ്റ് ചെക്കുകൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സ്വീകരിച്ചത്.

കഴിഞ്ഞ ജനുവരി 15 മുതൽ ഫെബ്രുവരി 17വരെയാണ് അയോധ്യ രാമക്ഷേത്രത്തിനായി വിഎച്ച്പി രാജ്യവ്യാപകമായി ധന സമാഹരണം നടത്തിയത്. ഈ പരിപാടിയിലൂടെ 5000 കോടി സമാഹരിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.