കോവിഡ് വ്യാപനം : തിരുവനന്തപുരത്ത് നിന്നുള്ള ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട് പോലീസ്

0
102

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് തിരുവനന്തപുരം വഴിയുള്ള ഇടറോഡുകള്‍ തമിഴ്‌നാട് പോലീസ് അടച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. അതിര്‍ത്തിയിലെ പ്രധാന റോഡുകളില്‍ കര്‍ശന പോലീസ് പരിശോധനയും തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തി.

നിലമാമൂട്, ഉണ്ടന്‍കോട്, പളുകല്‍ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍. ഇവിടങ്ങളിലെ ഇടറോഡുകളുടെ തമിഴ്‌നാട് ഭാഗത്താണ് ഗതാഗതം പൂര്‍ണമായും നിരോധിച്ചത്. കേരളത്തില്‍ നിന്നുള്ളവര്‍ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നത് തടയാനാണ് പോലീസിന്റെ കര്‍ശന നടപടി.

അതിര്‍ത്തിയിലെ പ്രധാന റോഡുകളില്‍ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തമിഴ്‌നാട്ടിലേക്ക് കടത്തിവിടുന്നത്. കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റും പോലീസ് ആവശ്യപ്പെടുന്നുണ്ട്. ചില യാത്രക്കാരെ മടക്കി അയക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം കോവിഡ് രൂക്ഷമായ വേളയിലും സമാനമായ നടപടി തമിഴ്‌നാട് പോലീസ് സ്വീകരിച്ചിരുന്നു.