ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്ന പി സി ജോർജിന്റെ പ്രസ്‌താവനയ്‌ക്ക് എറണാകുളം–-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ വിമർശം. മെഡിക്കൽ വിദ്യാർഥികളുടെ നൃത്തത്തിനെതിരെ ഡാൻസ് ജിഹാദ് പ്രചാരണമുണ്ടായതിനെയും നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല മുഖ്യ പ്രചാരണായുധമാക്കിയതിനെയും സത്യദീപത്തിന്റെ എഡിറ്റോറിയലിൽ രൂക്ഷമായി വിമർശിക്കുന്നു.
മതേതരത്വത്തെ ഇനിമുതൽ പിന്തുണയ്‌ക്കേണ്ടതില്ലെന്നമട്ടിൽ ചില തീവ്ര ചിന്തകൾ ക്രൈസ്തവർക്കിടയിൽപ്പോലുമുണ്ടായിട്ടുണ്ടെന്നും എഡിറ്റോറിയൽ പറയുന്നു. 2030-ൽ ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കാൻ ശ്രമിക്കുകയാണെന്നും അതുകൊണ്ട് ഉടൻ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നു പരസ്യമായിപ്പോലും ഒരു നേതാവ് പറയത്തക്കവിധം ഈ വിഷവ്യാപനത്തിന്റെ വേരോട്ടം വ്യക്തമായിക്കഴിഞ്ഞുവെന്ന് പി സി ജോർജിന്റെ പ്രസ്‌താവനയെ എഡിറ്റോറിയലിൽ വിമർശിക്കുന്നു.
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ വിദ്യാർഥികളായ നവീനും ജാനകിയും ചേർന്ന് അവതരിപ്പിച്ച നൃത്തത്തിനെതിരെ ഇരുവരുടെയും മതപശ്ചാത്തലം വെളിപ്പെടുത്തിയായിരുന്നു വിദ്വേഷ പോസ്റ്റ്. മതതീവ്രവാദികൾ ‘ഡാൻസ് ജിഹാദ്’ എന്ന പുതിയ സംജ്ഞയെക്കുറിച്ചുള്ള സംശയങ്ങളുമായി രംഗത്തെത്തി.
സംശയം ഒരു സാമൂഹിക മനോരോഗമായി അതിവഗം മാറിയെന്ന് എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. നമുക്കിതുവരെയും പരിചിതമല്ലാതിരുന്ന, അസാധാരണമായ ഒരപരിചിതത്വബോധം പരസ്പരം നിറയ്ക്കുന്നതിലും നിലനിർത്തുന്നതിലും ഇക്കൂട്ടർ വേഗത്തിൽ വിജയിക്കുകയാണ്.
കഴിക്കുന്ന ഭക്ഷണത്തെയും സ്വീകരിക്കുന്ന മരുന്നിനെയും യാത്ര ചെയ്യുന്ന വാഹനത്തെയും കയറിക്കിടക്കുന്ന വിശ്രമമന്ദിരത്തെയും സംശയത്തോടെ വീക്ഷിക്കത്തക്കവിധം നമ്മുടെ പൊതുബോധത്തിനുമീതെ തീവ്രമതബോധത്തിന്റെ നിഴൽ വീഴ്‌ത്തിത്തന്നെയാണ് ഈ പുതിയ മുന്നേറ്റം.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മതത്തിന്റെ പേരിൽ പരസ്യമായി വോട്ട് പിടിക്കുവോളം മതബോധം ജനാധിപത്യ കേരളത്തെ നിർവികാരമാക്കുന്നതും നാം കണ്ടു. അയ്യപ്പനുവേണ്ടി ചെയ്തതും ചെയ്യാതിരുന്നതും എന്ന മട്ടിൽ രണ്ട് തട്ടിലായി പാർടികളുടെ പ്രചാരണപ്രവർത്തന നയരേഖ എന്നും എഡിറ്റോറിയൽ വിമർശിക്കുന്നു.