ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും മേയ് 15 വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
അതേപോലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) കീഴിലുള്ള എല്ലാ കേന്ദ്ര സംരക്ഷിത സ്മാരകങ്ങളും, മ്യൂസിയങ്ങളും മേയ് 15 വരെ അടച്ചിടുമെന്ന് കേന്ദ്ര സാംസ്കാരിക, ടൂറിസം സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ പറഞ്ഞു. ഇതോടെ താജ്മഹൽ, ഖുത്ബ് മിനാർ, ഹുമയൂണിൻറെ ശവകുടീരം തുടങ്ങി എല്ലാ ചരിത്ര സ്മാരകങ്ങളും ഒരു മാസം അടഞ്ഞുകിടക്കും.
ഡൽഹിയിലെ ചെങ്കോട്ട ജനുവരി 19 മുതൽ അടച്ചിട്ടിരിക്കുകയാണ്. പ്രദേശത്തുനിന്നും ലഭിച്ച ചത്ത കാക്കളിൽ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.രാജ്യത്ത് കോവിഡ് കേസുകളിൽ പ്രതിദിനം വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച രണ്ട് ലക്ഷത്തിൽപ്പരം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന കോവിഡ് കേസുകളിൽ വർധനവിനെ തുടർന്ന് സംസ്ഥാനങ്ങളും കർശന നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടുണ്ട്.